കാര്‍ ഉപേക്ഷിച്ച നിലയില്‍; ഷാന്‍ വധക്കേസില്‍ 2 പേര്‍ അറസ്റ്റില്‍, സര്‍വകക്ഷി യോഗം ചൊവ്വാഴ്ച
ആലപ്പുഴ: ഇരട്ട കൊലപാതക കേസില്‍ ആദ്യ അറസ്റ്റ്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പ്രസാദ്, രതീഷ് എന്നിവരാണ് മുഖ്യ ആസൂത്രകരെന്നും ഇവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പോലീസ് പറയുന്നു. പ്രസാദ് ആണ് കൊല ആസൂത്രണം ചെയ്തത്. അക്രമികളെ ഏകോപിപ്പിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു. പത്ത് പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണ് പോലീസിന് ഇതുവരെ ലഭിച്ച വിവരം. ബാക്കിയുള്ള എട്ട് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
ആട്ടവും പാട്ടും സ്കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി
അതിനിടെ, അക്രമികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം മുതല്‍ കാര്‍ ഇവിടെ കിടക്കുന്നുണ്ട്. സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. മാരാരിക്കുളം പോലീസെത്തി ഷാന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച കാറാണ് എന്ന് ഉറപ്പിച്ചു.
അതേസമയം, സമാധാന പുനഃസ്ഥാപനത്തിന് ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ചൊവ്വാഴ് നടക്കും. ഇന്ന് തീരുമാനിച്ച സര്‍വകക്ഷി യോഗം ബിജെപി സഹകരിക്കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മൂന്ന് മണിക്ക് നടത്താനായിരുന്നു ആദ്യ നീക്കം. ബിജെപി വിസമ്മതിച്ചതിനെ തുടര്‍ന്ന് അഞ്ച് മണിയിലേക്ക് മാറ്റി. എന്നാലും പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചതോടെ ചൊവ്വാഴ്ച യോഗം നടത്താന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച പങ്കെടുക്കാമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് പോലീസ ഒരുക്കുന്നത്. എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചു. ഏത് ജില്ലയിലും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പോലീസുകാര്‍ക്ക് അവധി നല്‍കിയാല്‍ മതി എന്നാണ് നിര്‍ദേശം. പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കും.
ഷാന്‍ വധത്തില്‍ പങ്കുള്ള എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. വിവിധ സംഘങ്ങളായി പോലീസ് പ്രതികളെ തിരയുകയാണ്. അറസ്റ്റ് ഉടനെയുണ്ടാകും. രഞ്ജിത്ത് വധക്കേസില്‍ ചില നിര്‍ണായക സൂചനകള്‍ ലഭിച്ചുവെന്ന് എഡിജിപി പറഞ്ഞു. 12 പേര്‍ കൃത്യത്തില്‍ പങ്കെടുത്തു എന്നാണ് കരുതുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാകില്ല. ആദ്യ കൊലപാതകം സംബന്ധിച്ച് കൃത്യമായ വഴിയില്‍ അന്വേഷണം നടക്കുകയായിരുന്നു. രണ്ട് മണിക്കൂറിനകം തന്നെ പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. രണ്ടാമത്തെ കൊലപാതകം പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടുമെന്ന് കരുതിയില്ലെന്നും എഡിജിപി പറഞ്ഞു. രണ്ടു കേസിലെയും പ്രതികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ചിലര്‍ ജില്ല വിട്ടുവെന്നാണ് കരുതുന്നത്. സമീപ ജില്ലകളിലും പോലീസ് പരിശോധന നടക്കുന്നുണ്ട്.