ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസ്: സാക്ഷിവിസ്താരം പൂർത്തിയായി, വിരലടയാളം മുഖ്യ തെളിവ്!
ആലപ്പുഴ: കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ പ്രോസിക്യുഷൻ ഭാഗം സാക്ഷിവിസ്താരം പൂർത്തിയായി. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. രാജീവന്റെ മൊഴി ബുധനാഴ്ച ആലപ്പുഴ സെഷൻസ് കോടതി രേഖപ്പെടുത്തി. കേസിലെ വിരലടായാളരേഖ തെളിവായി കോടതി സ്വീകരിച്ചു. കൃഷ്ണപിള്ളയുടെ പ്രതിമയിൽനിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതികളുടേതല്ലെന്നാണ് രേഖയിൽ പറയുന്നത്. കേസിൽ ഇതുവരെ 67 സാക്ഷികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കേസ് ഓഗസ്റ്റ് 13 ലേക്ക് മാറ്റി.
ആറുവരി പാത നിര്‍മാണം: വടക്കുംചേരി ദേശീയപാതയില്‍ പണി ആരംഭിച്ചിട്ട് ഉണ്ടായത് 233 മരണം
അതേ സമയം കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ പാർട്ടി അംഗത്തെ കഴിഞ്ഞ മാസമാണ് സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. കേസ് അട്ടിമറിക്കാൻ പാർട്ടി ഇടപെട്ടുവെന്ന ഷിബു ചെല്ലിക്കണ്ടത്തി പ്രസ്താവന പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയും വിലയിരുത്തി.
പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കാൻ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഷിബുവിന്റെ പരാമർശത്തെ സി.പി.എം നേതൃത്വം പൂർണമായി തള്ളികളയുകയും തെറ്റ് പറ്റിയെന്ന് ഷിബു പറഞ്ഞുവെന്നും വിശദീകരണം തൃപ്തികരമല്ലെന്നും ഏരിയ കമ്മറ്റി നേതൃത്വം വ്യക്തമാക്കി. അതേസമയം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷിബു ചെല്ലിക്കണ്ടത്തിൽ ആവർത്തിച്ചു. സാക്ഷിമൊഴി മാറ്റണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചവരുടെ പേര് വെളിപ്പെടുത്തിയ ഷിബു, ഇവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.