ഓടുന്ന ബസിന്റെ സ്റ്റിയറിങ്ങിൽ പിടിച്ച സംഭവം: യുവതി മാനസികരോഗത്തിന് ചികിത്സയിലെന്ന്!!
ഹരിപ്പാട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ സ്റ്റിയറിങ്ങിൽ പിടിക്കാൻ ശ്രമിച്ച യുവതി ബസ് ജീവനക്കാരെയും യാത്രക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം പലവിധ വ്യാഖ്യാനങ്ങളോടെ സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവത്തിൽ ഒടുവിൽ യുവതി മാനസികരോഗത്തിന് ചികത്സയിൽ കഴിയുന്നതാണെന്ന് തെളിഞ്ഞു.
എൻജിൻ ബോക്‌സിന് മുകളിൽ കയറിയിരുന്നായിരുന്നു യുവതിയുടെ ബഹളം. തുടർന്ന്, ബസിൽനിന്നിറങ്ങില്ലെന്ന് വാശിപിടിച്ച ഇവരെ വനിതാ പോലീസുകാരാണ് താഴെയിറക്കിയത്.
മൂന്നാറില്‍ മലയിടിഞ്ഞു: കൊച്ചി മധുര ദേശീയപാതിയില്‍ ഗതാഗതം 15 ദിവസം മുടങ്ങും, ഒഴിവായത് വന്‍ദുരന്തം!!
യുവതി മാനസികരോഗത്തിന് ചികത്സയിൽ കഴിയുന്നതാണെന്ന് പിന്നീടാണ് അറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥർ ഇവരെ ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരിലൊരാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.കഴിഞ്ഞ ദിവസം ഇത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, യുവതിയുടെ രോഗാവസ്ഥയെപ്പറ്റി ഇതിൽ സൂചിപ്പിക്കാത്തതിനാൽ, ദൃശ്യങ്ങൾ കണ്ടവർ പലവിധ വ്യാഖ്യാനങ്ങളാണ് കമന്റുകളിലൂടെ പങ്കുവയ്ക്കുന്നത്.
മലയാലപ്പുഴ- ആറാട്ടുപുഴ റൂട്ടിലെ രാജേശ്വരി ബസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇടപ്പോൺ ജോസ്‌കോ ജങ്ഷനിൽനിന്നാണ് യുവതി ബസിൽ കയറുന്നത്. അച്ഛനും ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. ബസ് വെട്ടിയാർ എത്തിയപ്പോഴേക്കും തിരികെ പോകണമെന്നാവശ്യപ്പെട്ട് ഇവർ ബഹളം തുടങ്ങി. ഒപ്പമുണ്ടായിരുന്നവരും യാത്രക്കാരും ഒരുവിധം അനുനയിപ്പിച്ചു. മാവേലിക്കര കഴിഞ്ഞ് തട്ടാരമ്പലം എത്തിയതോടെ വീണ്ടും എഴുന്നേറ്റു.
എൻജിൻ ബോക്‌സിലൂടെ ബസിന്റെ മുന്നിൽ കയറിയശേഷം സ്റ്റിയറിങ്ങിൽ പിടിക്കാൻ ശ്രമം തുടങ്ങി. തടയാൻ ശ്രമിച്ച കണ്ടക്ടറെ ശകാരിച്ചു. ബസ് ഓടിച്ചുപോകാൻ കഴിയാത്ത സ്ഥിതിയായപ്പോൾ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോകുമെന്ന് ജീവനക്കാർ പറഞ്ഞുനോക്കി. ഇതോടെ മാവേലിക്കര പോലീസ് സ്‌റ്റേഷനിൽ പോകണമെന്നായി യുവതി. ഹരിപ്പാട് സ്റ്റേഷനിൽ എത്തിക്കാമെന്ന് ഉറപ്പുനൽകിയാണ് ജീവനക്കർ ഇവരെ സീറ്റിൽ ഇരുത്തിയത്.
ഹരിപ്പാട് ബസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് വരാതെ ഇറങ്ങില്ലെന്നായി. വിവരമറിഞ്ഞ് പോലീസെത്തി. വനിതാ പോലീസുകാർ യുവതിയെ അനുനയിപ്പിച്ച് സ്‌റ്റേഷനിലെത്തിച്ചു. ബന്ധുക്കളുമായി സംസാരിച്ചതനുസരിച്ചാണ് ഇവരെ പോലീസ് ജീപ്പിൽ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവമെന്നും പോലീസ് പറയുന്നു. ബസ് ജീവനക്കാർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. എന്നാൽ, അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.