എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് തെളിവെടുപ്പ്
ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് പേരും ഒളിവില്‍ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെയെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതിയ കാര്‍ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. കണ്ണിച്ചിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ് ഡി പി ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി കൊല്ലപ്പെടുത്തുകയായിരുന്നു. പിന്നാലെ തന്നെ ബിജെപി സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെടുകയുണ്ടായി. ജില്ലയില്‍ കനത്ത ജാഗ്രതയാണ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനിടെ, ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം നടന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ബിജെപിയെ പൂട്ടാൻ ഗോവയിൽ മമതയുമായി ആം ആദ്മി പാർട്ടി കൈകോർക്കും? മനസ് തുറന്ന് അരവിന്ദ് കെജരിവാൾ
അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സമാധാനവും ഐക്യവും ഉറപ്പാക്കുന്നതിനും വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ തലങ്ങളില്‍ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കില്‍ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ എം.എല്‍.എ.മാരെയോ മന്ത്രിമാരെയോ അറിയിക്കണം.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം-മന്ത്രിമാര്‍ നിര്‍ദേശിച്ചു. എം എല്‍ എമാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി പി. ചിത്തരഞ്ജന്, തോമസ് കെ. തോമസ്, എം എസ്. അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ ഡി എം. ജെ മോബി, സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.