മുടി നീട്ടി വളര്‍ത്തിയതിന് എല്‍കെജിക്കാരനെ സ്‌കൂളില്‍ നിന്നും പുറത്താക്കി
ബെംഗളൂരു:മുടി നീട്ടിവളര്‍ത്തിയെന്ന കാണത്താല്‍ എല്‍കെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ബെംഗളൂരില്‍ ബാബുസാബ് പാളയയിലെ സെന്റ് വിന്‍സന്റ് പല്ലോട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. വിഷ്ണു പെണ്‍കുട്ടികളെ പോലെ മുടി നീട്ടി ക്ലാസിലെത്തുന്നത് സ്‌കൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു അധികൃതരുടെ നിലപാട്.
മുടി സാധാരണ ആണ്‍കുട്ടികളെ പോലെ മുറിച്ചില്ലെങ്കില്‍ സ്‌കൂളില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ ഡിസൂസ വിഷ്ണുവിന്റെ രക്ഷിതാക്കളെ അറിയിച്ചത്. കുട്ടിയുടെ മുടി വളര്‍ത്തിയത് കുടുംബത്തിലെ ആചാരപ്രകാരമാണെന്നും കുട്ടിയ്ക്ക് അഞ്ചു വയസ്സായതിനു ശേഷമേ മുടി മുറിക്കാന്‍ പാടുകയുള്ളു എന്നുമായിരുന്നു രക്ഷിതാക്കളുടെ നിലപാട്. രക്ഷിതാക്കളുടെ വാദത്തിന് പരിഗണന കൊടുക്കാതിരുന്ന പ്രിന്‍സിപ്പല്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് പിരിച്ചു വിടുകയും അടച്ച ഫീസായ 43000 രൂപ തിരിച്ചു നല്‍കുകയുമായിരുന്നു.

കുടുംബത്തിലെ ആചാരങ്ങള്‍ പരിഗണനകൊടുക്കുന്നതിനാണ് പ്രാധാന്യമെങ്കില്‍ കുട്ടിയെ അഞ്ചു വയസ്സുകഴിഞ്ഞ് മുടി മുറിച്ചതിനുശേഷം സകൂളില്‍ സീറ്റു നല്‍കാമെന്നാമെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. കുട്ടിയുടെ മുടി മുറിച്ചാല്‍ അടുത്ത ദിവസം കുട്ടി മരിച്ചു പോകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നതെന്നും ഫാ.ഡിസൂസ വ്യക്തമാക്കി.
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും സ്‌കൂള്‍ അധികൃതര്‍ പ്രതിസന്ധിയിലാണ്. സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ നിലപാട് പത്രസമ്മേളനം നടത്തി അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications