സ്വർണം യുഎഇയിൽ നിന്ന് തന്നെ പോരെ?, കണക്കുകൾ പറയും ലാഭം; എത്ര കൊണ്ടുവരാം നാട്ടിലേക്ക്?
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഒരു തരി പൊന്നെങ്കിലും കൊണ്ടുവരാത്ത പ്രവാസികൾ കുറവാണ്. ഗുണനിലവാരമുള്ള സ്വർണം സ്വന്തമാക്കാം എന്നതാണ് ഇതിനുള്ള പ്രധാന കാരണം. മറ്റൊന്ന് നികുതി ഇല്ലെന്നതും. അതിനാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ യുഎഇയിൽ നിന്ന് സ്വർണം ലഭിക്കും.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറിച്ചൊരു പ്രചരണമാണ് നടക്കുന്നത്. യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭം ഇന്ത്യയിൽ നിന്നാണെന്ന തരത്തിലാണ് പ്രചാരണം. യഥാർത്ഥത്തിൽ ഇന്ത്യയിലേക്കാൾ കൂടുതൽ ആണോ യുഎഇയിലെ സ്വർണ നിരക്ക്? അല്ലേ അല്ലെന്ന് പറയുകയാണ് സ്വർണവ്യാപാരികൾ.

ഇന്ത്യ ഈ വർഷം സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യത്ത് സ്വർണത്തിന്റെ വിലകുറയാൻ കാരണമായി. എന്നാൽ ഇറക്കുമതി തീരുവ കുറച്ചത് സ്വർണം വാങ്ങുമ്പോൾ ഉണ്ടാകുന്ന വിലയിൽ നേരിയ കുറവിന് മാത്രമാണ് കാരണമായത്. അപ്പോഴും നികുതി കുറവായതിനാൽ യുഎഇയിലെ വില തന്നെയാണ് ഇന്ത്യയിലേതിനെക്കാൾ കുറവെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
സ്വർണം കച്ചവടം പൊടി പൊടിക്കുമോ?
നവംബർ അവസാനം മുതൽ യുഎഇയിലേക്ക് വിദേശ സഞ്ചാരികൾ കുത്തിയൊഴുകും. ക്രിസ്തുസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് സഞ്ചാരികൾ ഇവിടേക്ക് കൂടുതലായി എത്തുന്നത്. ഇക്കുറിയും വലിയ തോതിൽ സഞ്ചാരികളെ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും ഇന്ത്യയിൽ നിന്ന്. മടക്കത്തിൽ തീർച്ചയായും അൽപമെങ്കിലും സ്വർണം വാങ്ങാതെ സഞ്ചാരികൾ മടങ്ങില്ലെന്ന് തീർച്ച, പ്രത്യേകിച്ച് മലയാളികൾ. അതിനാൽ വരും മാസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇന്ത്യക്കാരെ സംബന്ധിച്ച് ഇപ്പോൾ സ്വർണം യുഎഇയിൽ നിന്നും വാങ്ങുന്നത് ലാഭകരം തന്നെ. കാരണം ഇന്ന് യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 301.50 ദിർഹമാണ്, അതായത് 6,934.20 ഇന്ത്യൻ രൂപ. അതേസമയം ഇന്ത്യയിലാകട്ടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 7225 രൂപയാണ്. 24 കാരറ്റിന് 7,882 രൂപയും 18 കാരറ്റിന് 5912 രൂപയും നൽകേണ്ടി വരും. യുഎഇയിൽ നിന്നും സ്വർണം വാങ്ങിയാൽ ആ രാജ്യത്ത് നികുതി അടക്കേണ്ട. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കാകട്ടെ സ്വർണം അടക്കം വാങ്ങുന്ന സാധനങ്ങൾക്കുള്ള നികുതി തിരികെ കിട്ടാനുള്ള സംവിധാനമുണ്ട്.
കേരളത്തിൽ നിന്നാണ് സ്വർണം വാങ്ങുന്നതെങ്കിൽ 3 ശതമാനം ജിഎസ്ടി നൽകണം. തൊട്ടാൽ പൊള്ളുന്ന പണിക്കൂലി വേറെ. മിക്ക സ്ഥാപനങ്ങളിലും 5 ശതമാനം ആണ് പണിക്കൂലി. മെച്ചപ്പെട്ട ഡിസൈനുകൾക്ക് 10 ശതമാനം വരെ നൽകേണ്ടി വരും. അതായത് പോക്കറ്റ് കീറുമെന്ന് തീർച്ച.
എത്ര സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം
നാട്ടിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവ് വ്യത്യസ്തമാണ്. സ്ത്രീകൾക്ക് നികുതി ഇല്ലാതെ ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാൻ സാധികും. പുരുഷൻമാർക്ക് 50,000 രൂപയുടേയും.












Click it and Unblock the Notifications