ലുലു പിന്നോട്ടില്ല; കൊച്ചിയിലെ മാതൃക വിശാഖപട്ടണത്ത് ഉയരും: പ്രഖ്യാപിച്ച് യൂസഫലി; 8000 പേർക്ക് തൊഴില്‍
വിശാഖപട്ടണം: തടസ്സങ്ങളെല്ലാം മറികടന്ന് ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാള്‍ നിർമ്മാണം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഉടന്‍ നിർമ്മാണം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി. 5000 മുതൽ 8000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ മാൾ ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ മുതല്‍ കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം നടന്ന ഇൻവെസ്റ്റോപിയ-സിഐഐ (CII) സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎ യൂസഫ് അലി.
ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ഷോപ്പിംഗ് മാൾ ഇന്ത്യയിലെ ഏറ്റവും മികച്ച മാളുകളില്‍ ഒന്നായിരുന്നു. 8230 പേരാണ് ഈ മാളിനെ ആശ്രയിച്ചുകൊണ്ട് ജോലി ചെയ്യുന്നത്. വിശാഖപട്ടണത്തെ പുതിയ മാളും കൊച്ചിയുടെ മാതൃക പിന്തുടർന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാകും നിർമിക്കപ്പെടുക. മാള്‍ നിലവില്‍ വരുന്നത് പ്രദേശത്തെ ചെറുകിട വ്യവസായങ്ങൾക്കും വ്യാപാരികൾക്കും വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി.

വിശാഖപട്ടണത്തിനു പുറമേ, വിജയവാഡയിൽ ഒരു ഫുഡ് പ്രോസസിംഗ് പ്ലാന്റും ഹൈപ്പർമാർക്കറ്റും ലുലു ഗ്രൂപ്പ് ഉടൻ ആരംഭിക്കും. ആന്ധ്രാപ്രദേശിലെ മറ്റു നഗരങ്ങളിലും സമാനമായ ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്. ഇത്തരം പദ്ധതികൾ വിദേശനാണ്യ വരുമാനം വർധിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് എംഡി ചൂണ്ടിക്കാട്ടി.
വിജയവാഡയിലെ ഫുഡ് പ്രോസസിംഗ് പ്ലാന്റിന്, പ്രദേശത്ത് ലഭ്യമായ സമൃദ്ധമായ അസംസ്കൃത വസ്തുക്കൾ പ്രയോജനപ്പെടുത്താനാകും. ലുലു ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള 38 ഫുഡ് പ്രോസസിംഗ് പ്ലാന്റുകൾക്ക് ഇവിടെനിന്ന് തടസ്സമില്ലാതെ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാൻ ഈ പ്ലാന്റ് സഹായിക്കും. ഇത് തദ്ദേശീയരായ ഉത്പാദകർക്കും വലിയ നേട്ടമുണ്ടാകും.
ആന്ധ്രാപ്രദേശ് ഓരോ ദിവസവും ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും യൂസഫ് അലി അഭിപ്രായപ്പെട്ടു. ലുലു ഗ്രൂപ്പിന് സംസ്ഥാന സർക്കാരുമായി വീണ്ടും സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. മുമ്പ് വിശാഖപട്ടണത്ത് ഷോപ്പിംഗ് മാൾ നിർമാണം ആരംഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, നിയന്ത്രണാതീതമായ കാരണങ്ങളാൽ അത് നടപ്പിലാകാതെ പോയിരുന്നു. എന്നാൽ, ഇപ്പോൾ അനുകൂലമായ സാഹചര്യങ്ങളിൽ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ, ആന്ധ്രാപ്രദേശിൽനിന്ന് ലുലു ഗ്രൂപ്പ് വൻതോതിൽ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. വിജയവാഡയിലെ പുതിയ ഫുഡ് പ്രോസസിംഗ് പ്ലാന്റ് ഈ കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്തും. കർഷകർക്ക് മെച്ചപ്പെട്ട വിപണി ലഭ്യമാക്കുന്നതിനോടൊപ്പം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗുണകരമാകുമെന്ന വിലയിരുത്തലും ശക്തമാണ്.
ലുലു ഗ്രൂപ്പിന്റെ ഈ പദ്ധതികൾ ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നും വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൊഴിലവസരങ്ങൾ, വിദേശനാണ്യ വരുമാനം, കാർഷിക മേഖലയുടെ വികാസം എന്നിവയിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഈ സംരംഭങ്ങൾ വഴിയൊരുക്കും. ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം കൂടെ വരുന്നതോടെ വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ നഗരങ്ങൾ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും.
മാള്‍ നിർമ്മാണത്തിനായി വിശാഖപട്ടണത്ത് ബീച്ച് റോഡിലെ 13.43 ഏക്കര്‍ സ്ഥലം ലുലുവിന് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ സ്ഥലം വ്യവസായ കോര്‍പറേഷന് വിട്ടുകൊടുക്കാന്‍ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റിയോട് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു.
അതേസമയം, വിജയവാഡയിലെ ലുലുവിന്റെ പദ്ധതി സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് പ്രതിസന്ധിയിലാണ്. വിജയവാഡയിലെ കണ്ണായ സ്ഥലം കൈമാറുന്നതിനെതിരെ സി പി എമ്മും തൊഴിലാളി യൂണിയനുകളും രംഗത്ത് വന്നു. വിഡയവാഡയില്‍ ആര്‍ ടി സിയുടെ ഗവര്‍ണര്‍പേട്ട്-രണ്ട് ബസ് ഡിപ്പോയുടെ അഞ്ചേക്കര്‍ സ്ഥലമാണ് വ്യവസായ കോര്‍പറേഷന്‍ ലുലുവിന് കൈമാറാന്‍ കണ്ടെത്തിയത്. ഇതാണ് തൊഴിലാളി യൂണിയനുകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും എതിർപ്പിന് ഇടയാക്കിയത്.












Click it and Unblock the Notifications