രൂപ കൂപ്പു കുത്തുന്നു; പ്രവാസികള്‍ക്ക് നേട്ടം
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇരുപതു മാസത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് വീണു. വ്യാഴാഴ്ച 64 പൈസ ഇടിഞ്ഞ് 64.28 എന്ന നിലയിലെത്തി രൂപയുടെ മൂല്യം. 2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് രൂപയ്ക്ക് ഇത്രയും ഇടിവു സംഭവിക്കുന്നത്. ഓഹരിവിപണിയിലെ തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലും ഇടിവു സംഭവിക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്.
രൂപയുടെ മുല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമായി. ഒരു ദിര്‍ഹത്തിന് 17.50 രൂപയ്ക്ക് അടുത്തുവരെയെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ എഴുപത്തിയഞ്ചു ശതമാനത്തോളം അധികമാണ് ഇപ്പോള്‍ നാട്ടിലേക്കെത്തുന്ന പണത്തിന്റെ കണക്ക്.

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലുണ്ടായ തകര്‍ച്ചയാണ് രൂപയുടെ ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണി തകരുകയാണെന്ന ഊഹാപോഹം പടര്‍ന്നതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഓഹരികള്‍ പെട്ടെന്ന് വിറ്റഴിക്കാന്‍ തുടങ്ങിയിരുന്നു. സെന്‍സെക്‌സ് സൂചിക 26599.11ലും നിഫ്റ്റി 8057.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. വരും ദിവസങ്ങളിലും ഓഹരി വിപണിയെ ചാഞ്ചാട്ടം തുടരുമെന്നുതന്നയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications