കൊച്ചി മെട്രോയുടെ വരുമാനം കൂടി, ഒന്നും രണ്ടുമല്ല.. 145%!! ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍
കൊച്ചി: ചരിത്രത്തിലാദ്യമായി പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിപ്പുമായി കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയാണ് കൊച്ചി മെട്രോയുടെ വാര്‍ഷിക വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 54.32 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 145% അധിക വരുമാനം ആണ് കെ എം ആര്‍ എല്‍ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തില്‍ എത്തുന്നത്.
ഇത്തവണത്തെ പ്രവര്‍ത്തനലാഭം 5.35 കോടിയാണ്. പ്രതിദിനാവശ്യത്തിനുള്ള ചെലവും വരവും കണക്കാക്കിയാണ് പ്രവര്‍ത്തനലാഭം ഒത്തുനോക്കുന്നത്. മെട്രോയുടെ നിര്‍മാണത്തിനും സാങ്കേതികവിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും സംസ്ഥാന സര്‍ക്കാരാണ് അടയ്ക്കുന്നത്. ഇനി ലാഭമുയര്‍ത്തി ഇതിന് കൂടി വേണ്ട വരുമാനം കണ്ടെത്താനാണ് കെ എം ആര്‍ എല്ലിന്റെ ശ്രമം.

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് കെ എം ആര്‍ എല്ലിനെ സഹായിച്ചത്. കൊവിഡിന് ശേഷം 2021 ജൂലൈയില്‍ 12000 പേരായിരുന്നു മെട്രോയിലെ ശരാശരി പ്രതിദിനയാത്രക്കാര്‍ 12000 മാത്രമായിരുന്നു. എന്നാല്‍ 2022 സെപ്തംബര്‍ ആയപ്പോഴേക്കും ഇത് 75,000 വും ഈ വര്‍ഷം ജനുവരിയില്‍ 80,000 വും ആയി ഇത് ഉയര്‍ന്നു. നിലവിലെ കണക്ക് പ്രകാരം പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ ഉപയോഗിക്കുന്നത്.
2020-21 ല്‍ 12.90 കോടി രൂപയായിരുന്നു ടിക്കറ്റ് നിരക്കില്‍നിന്നുള്ള വരുമാനമെങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത് 485 ശതമാനം വളര്‍ന്ന് 75.49 കോടി രൂപയായിട്ടുണ്ട്. പരസ്യങ്ങളില്‍ നിന്നും മറ്റ് പരിപാടികളില്‍നിന്നുമുള്ള ടിക്കറ്റിതര വരുമാനം മുന്‍വര്‍ഷം 41.42 കോടി രൂപയായിരുന്നു. ഇത് 58.55 കോടി രൂപയായി ഉയര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയത് ഗുണകരമായി എന്നാണ് കെ എം ആര്‍ എല്‍ വിലയിരുത്തല്‍.
സെല്‍ഫ് ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടെന്നും കൊച്ചി മെട്രോ എം ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ചെലവ് ചുരുക്കല്‍ നടപടികളിലൂടെ മുന്‍വര്‍ഷങ്ങളില്‍ തന്നെ പ്രവര്‍ത്തനനഷ്ടം താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചതും നേട്ടമായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 56.56 കോടിയായിരുന്നു പ്രവര്‍ത്തന നഷ്ടം. ഇത് 2021-2022ല്‍ 34.94 കോടി രൂപയായി കുറഞ്ഞു.












Click it and Unblock the Notifications