പറവൂരിലെ നിപ്പാ ബാധ: പ്രദേശത്തുനിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിക്കും, വിദഗ്ധ സംഘം കൊച്ചിയിൽ!!
കൊച്ചി: പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പാ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുനിന്ന് സാമ്പിളുകള്‍ ശേഖരിക്കും. ഇതിനായി വടക്കന്‍ പറവൂരില്‍ വവ്വാലുകളെ ധാരാളമായി കാണുന്ന വാവക്കാട്ട് പ്രദേശത്തു രണ്ടു വലകളും നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ വീടിനു സമീപത്തെ ഫല വൃക്ഷ പരിസരത്ത് ഒരു വലയും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ സ്ഥാപിച്ചു. കേരള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ എട്ടംഗ സംഘമാണ് വലകള്‍ ശാസ്ത്രീയമായി സ്ഥാപിച്ചത്. ഇന്ന് വവ്വാലുകളെ പിടിച്ചു സാമ്പിളുകള്‍ ശേഖരിക്കും. നേരത്തെ യുവാവ് പഠിക്കുന്ന തൊടുപുഴ പ്രദേശത്ത് നിന്നും സംഘം സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
അതേസമയം, നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് പേരെ കൂടി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. നാലു പേരാണ് ഇനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനക്ക് ശേഖരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് ലഭിച്ചിട്ടുണ്ട്.

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നവരില്‍ 47 പേരെ നിരീക്ഷണ കാലയളവായ 21 ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്. ഇതില്‍ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 231 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും തുടരുന്നു. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും. നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിപ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.












Click it and Unblock the Notifications