എടവനക്കാട് എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ബന്ധു കസ്റ്റഡിയില്‍
കസ്റ്റഡിയിലായ വ്യക്തി എപി വിഭാഗം എസ്‌വൈഎസ്സിന്റെ പ്രവര്‍ത്തകനാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

കൊച്ചി: എറണാകുളം എടവനക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവുമായി ബന്ധമുള്ള വീട്ടില്‍ എന്‍ഐഎ പരിശോധന. സംഘടനയുടെ നിരോധന ശേഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും മറ്റും എന്‍ഐഎ പലതവണ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എടവനക്കാട്ടെ റെയ്ഡ് എന്നാണ് വിവരം.
തൈവളപ്പ് അയ്യൂബുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്ന് സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുവീട്ടിലായിരുന്നു പരിശോധന. അയ്യൂബിന്റെ സഹോദര പുത്രന്‍ ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ എപി സുന്നി വിഭാഗത്തിന്റെ എസ്‌വൈഎസില്‍ അംഗമാണ്.
എന്താണ് ഇര്‍ഷാദിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണം എന്ന് വ്യക്തമല്ല. സംഘടനയുടെ ഒരു പരിപാടിക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു ഇര്‍ഷാദ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. എട്ട് മണിയോടെ ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്തു. അയ്യൂബുമായി ബന്ധപ്പെട്ട ഡയറി ഇര്‍ഷാദിന്റെ വീട്ടിലുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയോ അറസ്‌റ്റോ നടന്നോ എന്നതില്‍ എന്‍ഐഎ സ്ഥിരീകരണം നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സംഘടനയുമായി ബന്ധപ്പെട്ട നിരവധി പോഷക സംഘടനകളെയും നിരോധിച്ചിരുന്നു. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
നിരവധി നേതാക്കളെ ഡല്‍ഹി എന്‍ഐഎയെയും ബാക്കിയുള്ള നേതാക്കളെ കൊച്ചി എന്‍ഐഎയുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ വിവിധ ജയിലുകളിലായി കഴിയുന്നു. ഇതിനിടെയാണ് എന്‍ഐഎ റെയ്ഡ് തുടരുന്നത്. അറസ്റ്റിലായവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications