ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും
തൊടുപുഴ: ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഈ മാസം 19ന് ഇടുക്കിയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 16ന് ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്. ചെറുതോണിയില്‍ ചേര്‍ന്ന ഡി സി സി യോഗത്തിലാണ് തീരുമാനം. 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.
സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇടുക്കിയിലെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് നേതാക്കള്‍ പറയുന്നു. മൂന്നാര്‍ മേഖലയുടെ പേരും പറഞ്ഞ് 13 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റര്‍ സര്‍വ്വേയിലൂടെ കര്‍ഷകന്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

'പുരാവസ്തു സര്‍വ്വേയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ്. 2019 ഡിസംബര്‍ 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പലവട്ടം നിവേദനം നല്‍കി എല്‍ ഡി എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്'- നേതാക്കള്‍ ആരോപിക്കുന്നു.
ഡി സി സി അധ്യക്ഷന്‍ സി പി മാത്യവിവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ഹര്‍ത്താലിന് മുന്നോടിയായി ആഗസ്റ്റ് 16ന് ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്ന് സി പി മാത്യു അറിയിച്ചു.












Click it and Unblock the Notifications