പ്രളയം തകര്‍ത്ത ചെറുതോണിയില്‍ പുതിയ പാലം: സാക്ഷാത്കരിക്കുന്നത് ഇടുക്കിക്കാരുടെ 50 വര്‍ഷത്തെ ആവശ്യം
ഇടുക്കി: മഹാപ്രളയം വേട്ടയാടിയ ചെറുതോണിയില്‍ പുതിയ പാലം വരുന്നു. 50 വര്‍ഷത്തിലധിമകമായുള്ള ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. ചെറുതോണിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു. ദേശീയപാതാ വിഭാഗം ഡയറക്ടര്‍ ജനറല്‍ വൈ. ബാലകൃഷ്ണനോടൊപ്പം ചെറുതോണി പാലം സന്ദര്‍ശിച്ച ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.
ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് നിലവിലുള്ള പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പുതിയ പാലത്തിന്റെ ആവശ്യകത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി ചര്‍ച്ച ചെയ്യുകയും കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തതിരുന്നു. പുതിയ പാലത്തിന്റെ സ്ഥല പരിശോധനയ്ക്കാണ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം എത്തിയത്. ജില്ലാ ആസ്ഥാനത്തിന്റെ നിലവിലെ സാഹചര്യം എംപി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.

നിലവിലെ പാലം ബലപ്പെടുത്തുന്നതിന് 2.5 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. പ്രളയമുണ്ടായ സാഹചര്യത്തിലാണ് പുതിയ പാലം അടിയന്തിരമായി വേണമെന്ന ആവശ്യം കേന്ദ്രത്തെ ധരിപ്പിച്ചത്. അടിമാലി - കുമളി ദേശീയപാതയായി (എന്‍എച്ച് 185) പ്രഖ്യാപിക്കുകയും 100 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ 64 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ഹൈവേയുടെ ഭാഗമായതാണ് പാലത്തിന് അനുമതി കിട്ടാന്‍ സഹായകരമായതെന്നും എംപി പറഞ്ഞു.
അടുത്തിടെ വണ്ടിപ്പെരിയാര്‍, കല്ലാര്‍ പാലങ്ങള്‍ നിര്‍മ്മിച്ചതുപോലെ എന്‍ജിനീയറിംഗ് പ്രൊക്യുര്‍മെന്റ് കോണ്‍ട്രാക്ട് (ഇ.പി.സി.) രീതിയനുസരിച്ചാണ് നിര്‍മ്മാണം. 20 ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്രത്തില്‍ എത്തിക്കും. മൂന്നുമാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു. മഹാപ്രളയത്തില്‍ തകര്‍ന്നുപോയ ജില്ലാ ആസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പാലം പണിയുന്നതിലൂടെ തുടക്കമാകുകയാണ്.
നിലവിലെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും. ചുരുളി, കരിമ്പന്‍, തടിയമ്പാട്, ഡാംടോപ്പ്, നേര്യമംഗംലം, മൂന്നാര്‍ പാലങ്ങളുടെ നവീകരണത്തിനും ഫണ്ട് അനുവദിച്ചതായി എംപി പറഞ്ഞു. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി യ്‌ക്കൊപ്പം ഡയറക്ടര്‍ ജനറല്‍ വൈ. ബാലകൃഷ്ണ, റീജിയണല്‍ ഓഫീസറായ എന്‍. ശാസ്ത്രി പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാതയുടേയും ചീഫ് എന്‍ജിനീയര്‍മാര്‍, ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള എന്‍ജിനീയറിംഗ് വിഭാഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ സി.വി. വര്‍ഗീസ് എന്നിവരും സ്ഥലപരിശോധനയില്‍ പങ്കെടുത്തു.












Click it and Unblock the Notifications