ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം; മഴക്കെടുതി രൂക്ഷം, ഒരു മരണം
ഇടുക്കി: ജില്ലയില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. മാങ്കുളം താളുംകണ്ടത്ത് തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. മാങ്കുളം പുതുക്കുടി സ്വദേശി സുനീഷ് എന്ന 23 കാരനാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് ജില്ലയില്‍ പെയ്യുന്നത്. മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസവും വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ ഇരുമ്പുപാലം വരെയുള്ള ദൂരത്തില്‍ പൊതുഗതാഗതം ഒഴികെ മറ്റ് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ മൂന്നാര്‍ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം മറികടന്ന് പോയ സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു.

ജില്ലയില്‍ മഴക്കെടുതിയില്‍ 25 വീടുകളാണ് തകര്‍ന്നിരിക്കുന്നത്. രണ്ട് വീടുകള്‍ പൂര്‍ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നു എന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. വരും ദിവസങ്ങളിലും ഇടുക്കിയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകളായി 38 പേരാണ് കഴിയുന്നത്. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ക്യാംപില്‍ 33 പേരും ഇന്നലെ നെടുങ്കണ്ടം പാറത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തുറന്ന രണ്ടാമത്തെ ക്യാംപില്‍ വീട് ഭാഗികമായി തകര്‍ന്ന ഒരു കുടുംബത്തിലെ 5 പേരും കഴിയുന്നുണ്ട്. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപകമായ കൃഷിനാശവും ഉണ്ടായി.
രാജാക്കാട് പന്താങ്കല്‍ തുളസിയുടെ 500 വാഴകള്‍ നിലം പതിച്ചു. അടുത്ത മാസത്തോടെ വിളവെടുപ്പിനു പാകമായ വാഴകളാണ് നശിച്ചത്. നാല് ലക്ഷത്തോളം രൂപ വായ്പയെടുത്ത് ചെയ്ത വാഴ കൃഷിയാണ് നശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ദേവികുളം താലൂക്കിലാണ്.
86.4 മില്ലി മീറ്ററാണ് ദേവികുളം താലൂക്കില്‍ ഇന്നലെ പെയ്തത്. ഇടുക്കി (72.8 മില്ലി മീറ്റര്‍), പീരുമേട് (58 മില്ലി മീറ്റര്‍), തൊടുപുഴ (41 മില്ലി മീറ്റര്‍) ഉടുമ്പന്‍ചോല (29.8 മില്ലി മീറ്റര്‍) എന്നിങ്ങനെയാണ് കണക്ക്.












Click it and Unblock the Notifications