11 വർഷത്തിന് ശേഷം മൂന്നാർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്: കോണ്‍ഗ്രസിന് തിരിച്ചടി
ഇടുക്കി: ഏറെ നാള്‍ നീണ്ട് നിന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കും അട്ടിമറികള്‍ക്കും ശേഷം മൂന്നാർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എല്‍ ഡി എഫ്. കഴിഞ്ഞ പതിനൊന്ന് വർഷമായി കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കൂറുമാറിയ അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽ ഡി എഫിന് വേണ്ടി മത്സരിച്ച പ്രവീണ രവികുമാർ പ്രസിഡൻ്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയായിരുന്നു എല്‍ ഡി എഫ് വിജയം.

കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽ ഡി എഫിനൊപ്പം ചേര്‍ന്നപ്പോഴായിരുന്നു ഒന്നരപതിറ്റാണ്ടായി ഭരിക്കുന്ന മൂന്നാർ പഞ്ചായത്ത് യു ഡി എഫിന് നഷ്ടമായത്. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിവെച്ചൊഴികുയായിരുന്നു. ഇതിന് പിന്നാലെ രാജിവെച്ചവരുടെ വീട്ടിലേക്കും ജോലി സ്ഥലത്തേക്കും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

പ്രവീണ കുമാരിയെ തന്നെ എല്‍ ഡി എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു. രാവിലെ പൊലീസിൻ്റ വലിയ സുരക്ഷാവലയത്തിലാണ് മൂന്നാർ പഞ്ചായത്തിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയ ദിവസം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങളായിരുന്നു പൊലീസ് ഏർപ്പെടുത്തിയിരുന്നത്.

പ്രവർത്തകരെയെല്ലാം കവാടത്തിന് പുറത്ത് നിർത്തി. ആരേയും കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. പഞ്ചായത്ത് ഓഫീസിന് അകത്ത് പഞ്ചായത്ത് അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം നൽകിയത്. തുടർന്ന് 11 മണിയോടെ ഭരണാധികാരി ഫറൂക്കിൻ്റെ നേതൃത്വത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. അംഗങ്ങളെല്ലാം കൃത്യസമയത്ത് തന്നെ വോട്ടെടുപ്പിന് എത്തുകയും ചെയ്തിരുന്നു.

ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയ പ്രവീണ രവികുമാറിനെ വിജയിയായി ഭരണാധികാരി പ്രഖ്യാപിക്കുകയും പ്രവീണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. മികച്ച വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആളുകള്‍ക്ക് വീട് നല്‍കുമെന്ന് പ്രവീണ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ പുറത്തിറങ്ങി കൂറുമാറിയ അംഗങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് സ്ഥാനാർത്ഥി ജയിച്ചു.

നേരത്തെ ചിന്നക്കനാല്‍ പഞ്ചായത്തിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ യു ഡി എഫിനും എല്‍ ഡി എഫിനും ആറ് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര അംഗവും വിജയിച്ചു. ഇടത് പിന്തുണയോടാണ് സ്വതന്ത്രന്‍ വിജയിച്ചതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പങ്കെടുത്തില്ല. പ്രസിഡന്റ് തിരഞെടുപ്പില്‍ ഇരു പാർട്ടികള്‍ക്കും തുല്യ വോട്ടുകള്‍ വന്നതോടെ നറുക്കെടുപ്പിന്റെ ആനുകൂല്യം യു ഡി എഫിന് ലഭിക്കുകയായിരുന്നു.

എന്നാല്‍ ഒരു വർഷത്തോട് അടുക്കാറായപ്പോള്‍ എല്‍ ഡി എഫ്, യു ഡി എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. സ്വതന്ത്ര അംഗം ജയന്തി എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ യു ഡി എഫ് ഭരണ സമിത പരാജയപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 7 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിർത്ത് വോട്ട് ചെയ്തത് 6 പേരായിരുന്നു. ഇവിടേയും ഉടന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications