314 വോട്ടിന്റെ മാത്രം ഭൂരിപക്ഷം; എന്തു സംഭവിക്കാം... പീരുമേട് നിയമസഭാ മണ്ഡലം ചരിത്രം
ഇടുക്കി: 314 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐയിലെ ഇഎസ് ബിജിമോള്‍ 2016ല്‍ പീരുമേട് നിമയസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയത്. തന്റെ മൂന്നാം വിജയം മങ്ങിയതായത് കൊണ്ടല്ല ബിജിമോള്‍ ഇത്തവണ മല്‍സരിക്കാത്തത്. മൂന്ന് തവണ എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്നാണ് സിപിഐയിലെ തീരുമാനം. ഇത്തവണ വാഴൂര്‍ സോമന്‍ ആണ് സിപിഐക്ക് മല്‍സരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

തോട്ടങ്ങളുടെ നാട്
കാപ്പി, തേയില തോട്ടങ്ങളുടെ നാടായ പീരുമേട് കൂടുതല്‍ കാലവും ഇടതുപക്ഷത്തോട് ചേര്‍ന്നു നിന്നിരുന്നു എന്നാണ് ചരിത്രം. സിപിഐ, സിപിഎം സ്ഥാനാര്‍ഥികളാണ് കൂടുതല്‍ തവണ ജയിച്ചത്. മൂന്ന് തവണ കോണ്‍ഗ്രസും ജയിച്ചിട്ടുണ്ട്.

പീരുമേടിന്റെ പ്രതിനിധികള്‍
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സിഎ കുര്യന്‍ മൂന്ന് തവണ പീരുമേടില്‍ നിന്ന് ജയിച്ചു കയറിയിരുന്നു. ഇഎസ് ബിജിമോളും മൂന്ന് തവണ ജയിച്ചു. സിപിഎമ്മിലെ കെഐ രാജനും കോണ്‍ഗ്രസിലെ കെകെ തോമസും മൂന്ന് തവണ പീരുമേടിനെ പ്രതിനിധീകരിച്ചവരാണ്.

കാലിടറുകയാണോ
2001ല്‍ കോണ്‍ഗ്രസിലെ ഇഎം അഗസ്തിയായിരുന്നു പീരുമേടില്‍ ജയിച്ചത്. പിന്നീട് ബിജിമോള്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയ ശേഷം ബിജമോള്‍ കളമൊഴിഞ്ഞിരിക്കുന്നു. 2016ല്‍ ബിജിമോളുടെ ഭൂരിപക്ഷം കുറഞ്ഞത് ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നതാണ്.

ഉദ്വേഗ നിമിഷങ്ങള്‍
ബിജിമോള്‍ക്ക് 56584 വോട്ടും കോണ്‍ഗ്രസിലെ സിറിയക് തോമസിന് 56270 വോട്ടും കിട്ടി. വോട്ടെണ്ണല്‍ ദിവസം അവസാന നിമിഷം വരെ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച മണ്ഡലം കൂടിയായിരുന്നു പീരുമേട്. എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപിയിലെ കുമാര്‍ 11833 വോട്ട് നേടി.

പീരുമേട് മണ്ഡലം ഇതാണ്
ഏലപ്പാറ, കുമളി, പീരുമേട്, കൊക്കയാര്‍, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാല്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം എന്നീ ഒമ്പത് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പീരുമേട് മണ്ഡലം. ആറില്‍ ഇടതുപക്ഷം ഭരിക്കുന്നു. മൂന്നില്‍ യുഡിഎഫും. ആദിവാസികളും കുടിയേറ്റ കര്‍ഷകരും തമിഴരും ചേര്‍ന്നതാണ് പീരുമേട്ടിലെ വോട്ടര്‍മാര്‍. ഇവര്‍ ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നതാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications