'അക്രമം തുടർന്നാൽ എസ്എഫ്‌ഐയ്ക്ക് ധീരജിന്റെ അവസ്ഥ'; സി പി മാത്യുവിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ !
ഇടുക്കി : വയനാട് കൽപ്പറ്റയിലുളള രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകർത്ത വിഷയത്തിൽ പ്രകോപന പ്രസംഗവുമായി ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു. എസ് എഫ് ഐ പ്രവർത്തകർ ഇത്തരത്തിലുള്ള നടപടി തുടർന്നാൽ ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്ന് സി പി മാത്യു വ്യക്തമാക്കി.
ഇതിനു മുൻപും ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസംഗം ഡി സി സി പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പുതിയ ആരോപണം സി പി മാത്യു ഉന്നയച്ചത് ചർച്ചയാവുകയാണ്. രാഹുൽഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിനെതിന് എതിരായും അഗ്നിപഥ് പദ്ധതിക്കും എതിരെ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു സി പി മാത്യുവിന്റെ പ്രതികരണം. മുരിക്കാശ്ശേരിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇത്തരം പരമർശങ്ങൾ ഇതിന് മുമ്പും സി പി മാത്യു നടത്തിയിട്ടുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആയിരുന്നു പരാമർശം. ഇതിന് പിന്നാലെ ഇടുക്കി പൊലീസ് സി പി മാത്യുവിന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 'യു ഡി എഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്.
കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരാൻ അനുവദിക്കില്ലെന്നുമായിരുന്നു ഇദ്ദേഹം നടത്തിയ പ്രസ്താവന'. വിവാദ പരാമർശത്തിന് പിന്നാലെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജി ചന്ദ്രൻ പൊലീസിന് സമീപിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.
സി പി മാത്യു ഇത്തരം പരമാർശം നടത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് കേസ് എടുത്തത്. കോൺഗ്രസിൽ നിന്നും രാജി ചന്ദ്രൻ സി പി എമ്മിൽ ചേർന്നതിന് പിന്നാലെ, പ്രതിഷേധിച്ച് യു ഡി എഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിൽ ആയിരുന്നു സി പിയുടെ വിവാദ പരാമർശം.
കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം
എന്നാൽ, വണ്ടിപ്പെരിയാറിൽ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയിലും ഇത്തരത്തിൽ വിവാദ പരാമർശം അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബാർബേഴ്സ് അസോസിയേഷൻ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം സമരത്തിനിടെ പറഞ്ഞത്. തൊട്ടുപിന്നാലെയാണ് മുടിവെട്ടുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്ത് വന്നത്.












Click it and Unblock the Notifications