121 കിലോ സ്വര്‍ണം തിരുമല ക്ഷേത്രത്തിന്; ആരാണ് വര്‍ധമാന്‍ ജെയ്ന്‍? 200 കോടി ഡോളറിന് കമ്പനി വിറ്റു
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി വര്‍ധമാന്‍ ജെയ്ന്‍ കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശിലെ തിരുമല ക്ഷേത്രത്തിന് ദാനം ചെയ്തത് 121 കിലോ ഗ്രാം സ്വര്‍ണം. ഇതിന്റെ വലിയൊരു ഭാഗം ആഭരണങ്ങളായിരുന്നു. വര്‍ധമാന്‍ ജെയ്‌നും ഭാര്യയുമാണ് സ്വര്‍ണം കൈമാറാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുന്റെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു സ്വര്‍ണ കൈമാറ്റം.
ഭഗവാനുള്ള കിരീടം, കാല്‍പ്പാദത്തില്‍ അണിയാനുള്ള ആഭരണം എന്നിവയെല്ലാം ഇതില്‍പ്പെടും. 121 കിലോ സ്വര്‍ണത്തിന് ഇന്നത്തെ വിലയില്‍ ഏകദേശം 140 കോടി രൂപയില്‍ അധികം വരും. ആഭരണമാകുമ്പോള്‍ പണിക്കൂലി കൂടി നല്‍കണം. ഏകദേശം 160 കോടി രൂപയുടെ സ്വര്‍ണമാണ് വര്‍ധമാന്‍ ജെയ്ന്‍ ക്ഷേത്രത്തിന് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആരാണ് വര്‍ധമാന്‍ ജെയ്ന്‍ എന്ന് അറിയാന്‍ കൗതുകമില്ലേ?

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് വര്‍ധമാന്‍ ജെയ്ന്‍. ആക്‌സസ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുടെ സ്ഥാപകനും വൈസ് ചെയര്‍മാനുമാണ്. ഏഷ്യ എഞ്ചിനിയറിങ് എന്ന കമ്പനിയുടെ ഡയറക്ടറുമാണ്. കാഞ്ചി കാമകോടി ചൈല്‍ഡ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ് ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെല്‍ സര്‍വീസിന്റെ ബിപിഒ ഡിവിഷനില്‍ എംഡിയായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
ചെന്നൈയിലെ ലോയൊള കോളജിലായിരുന്നു വര്‍ധമാന്‍ ജെയ്‌നിന്റെ ബിരുദ പഠനം. പിന്നീട് അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ വര്‍ഷവും വര്‍ധമാന്‍ ജെയ്ന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തന്റെ കമ്പനിയുടെ 70 ശതമാനം ഓഹരി അമേരിക്കന്‍ കമ്പനിക്ക് വില്‍പ്പന നടത്തിക്കൊണ്ടായിരുന്നു അത്. ഏകദേശം 200 കോടി ഡോളറിന്റെ ഇടപാടായിരുന്നു അത്. ഇതിന് ശേഷമാണ് 200 കോടി രൂപയുടെ സ്വര്‍ണം തിരുമല ക്ഷേത്രത്തിന് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
45 തരം ആഭരണങ്ങളാണ് വര്‍ധമാന്‍ ജെയ്ന്‍ തിരുമല ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. കിരീടം, മാലകള്‍, അരപ്പട്ട, പാദസരം, വളകള്‍ എന്നിവയെല്ലാം പ്രതിഷ്ഠയില്‍ അണിയിക്കുന്നതാണ് സംഭാവന. തല മുതല്‍ പാദം വരെ സ്വര്‍ണത്താല്‍ അലങ്കരിക്കുന്ന വിധമാണ് ആഭരണങ്ങള്‍. ഇതിന് പുറമെ പ്രത്യേക ആഭരണങ്ങളും കിരീടവും സ്വര്‍ണക്കട്ടികളുമുണ്ട്.
45 തരം ആഭരണങ്ങള്‍ ഉള്‍പ്പെടുന്ന 121 കിലോ സ്വര്‍ണം ശ്രീ വെങ്കിടേശ്വര ഭഗവാന് ഒരു ഭക്തന്‍ സംഭാവന ചെയ്തു എന്ന് തിരുപ്പതി തിരുമല ദേവസ്വം എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് എന്നും അവര്‍ സ്ഥിരീകരിച്ചു.





Click it and Unblock the Notifications
