മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 മരണം; നിരവധിപേർക്ക് പരിക്ക്
ന്യൂഡൽഹി: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു. സംഭവസ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
പാലം തകരുമ്പോൾ ഏകദേശം 35 മുതൽ 40 വരെ നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാംഗ് പ്രദേശത്താണ് അപകടം. പ്രധാനമന്ത്രി നരേന്ദ്ര മോദിസംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു. "ഐസ്വാളിന് സമീപം സൈരാംഗിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് ഇന്ന് തകർന്നുവീണു..
17 തൊഴിലാളികൾ മരിച്ചു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഈ ദുരന്തത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ വലിയ തോതിൽ എത്തിയ ആളുകൾക്ക് നന്ദി അറിയിക്കുന്നു," അദ്ദേഹം പറഞ്ഞു.
മിസോറാം ഗവർണർ ഹരി ബാബു കമ്പംപതിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സോണിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും എന്നും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ സബ്യസാചി ഡി പറഞ്ഞു.












Click it and Unblock the Notifications