189 കോടിപതികള്‍, 116 ക്രിമിനലുകള്‍; ഉത്തര്‍പ്രദേശ് കളത്തിലുള്ളത് വമ്പന്മാര്‍
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന എഡിആര്‍ എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കുന്നവര്‍ ചില്ലറക്കാരല്ല. 189 പേര്‍ കോടീശ്വരന്‍മാരാണ്. 116 പേര്‍ ക്രിമിനല്‍ കേസ് പ്രതികളും.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന എഡിആര്‍ എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 680 സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലം സംഘടന പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ആറ് ദേശീയ പാര്‍ട്ടികള്‍, അഞ്ച് സംസ്ഥാന പാര്‍ട്ടികള്‍, 87 അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍, 200 സ്വതന്ത്രര്‍ എന്നിവരുടെ സത്യവാങ്മൂലമാണ് പരിശോധിച്ചത്.

നാലാംഘട്ട തിരഞ്ഞെടുപ്പില്‍ മാത്രം മല്‍സരിക്കുന്നവരുടേതാണ് ഈ വിവരങ്ങള്‍. ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ്. തിരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയുള്ള ഘട്ടങ്ങളില്‍ മല്‍സരിക്കുന്നവരുടെ വിവരങ്ങള്‍ കൂടി പുറത്തുവിടുമെന്ന് എഡിആര്‍ അറിയിച്ചു.
കോടിപതികളില്‍ 45 സ്ഥാനാര്‍ഥികള്‍ ബിഎസ്പിയുടേതാണ്. ബിജെപിക്ക് 36, എസ്പിക്ക് 26, കോണ്‍ഗ്രസിന് 17, ആര്‍എല്‍ഡിക്ക് 6 എന്നിങ്ങനയാണ് കോടീശ്വരന്‍മാരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക്. 200 സ്വതന്ത്രരില്‍ 25 പേരും ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളവരാണ്.


Click it and Unblock the Notifications