കഴിഞ്ഞ 24 മണിക്കൂറില്‍ 2.34 ലക്ഷം കോവിഡ് കേസുകള്‍: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.50
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരികരിച്ചത് 2.34 ലക്ഷം പേർക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നത്തെ കണക്കുകളില്‍ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4.10 കോടിയായി. മൊത്തം അണുബാധയുടെ 4.59 ശതമാനമാണ് ഇപ്പോൾ സജീവ കേസുകൾ. നിലവില്‍ 18,84,937 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,784 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,87,13,494 ആയി.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,15,993 പരിശോധനകള്‍ നടത്തി. ആകെ 72.73 കോടിയിലേറെ (72,73,90,698) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.50 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 62 ലക്ഷത്തിലധികം (62,22,682) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 165.70 കോടി (1,65,70,60,692) പിന്നിട്ടു. 1,81,35,047 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പ്രായപൂർത്തിയായവരില്‍ 75 ശതമാനത്തിലധികം ആളുകൾ ഇപ്പോൾ കോവിഡ്-19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ പ്രതിദിന അണുബാധകൾ കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച 27,971 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 85 ഒമൈക്രോൺ അണുബാധകളും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അറുപത്തിയൊന്ന് കോവിഡ് സംബന്ധമായ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ "മൂന്നാം തരംഗം" സംസ്ഥാനത്ത് കുറയുന്നതായി തോന്നുന്നു, എന്നാൽ ചില നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്- മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പ് പറഞ്ഞു.
ഡൽഹിയിൽ ശനിയാഴ്ച 4,483 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗര ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ പ്രകാരം പോസിറ്റീവ് നിരക്ക് 7.41 ശതമാനവും 28 മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യതലസ്ഥാനത്തെ കേസുകളുടെ എണ്ണം 18,23,815 ആയും മരണസംഖ്യ 25,797 ആയും ഉയർന്നതായി ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
കേരളത്തിൽ ശനിയാഴ്ച 50,812 പുതിയ അണുബാധകളും എട്ട് കോവിഡ് മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ അണുബാധകളുടെ എണ്ണം 59,31,945 ഉം മരണസംഖ്യ 53,191 ഉം ആയി. സംസ്ഥാനത്ത് 3,33,447 സജീവ കേസുകളുണ്ട് ഇതില്‍ 1,629 രോഗികളാണ് ആശുപത്രിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 1,15,898 സാമ്പിളുകൾ പരിശോധിച്ചു.
കർണാടകയിലെ കോവിഡ് -19 അനുബന്ധ മരണങ്ങൾ വെള്ളിയാഴ്ചത്തെ 50 ൽ നിന്ന് ശനിയാഴ്ച 70 ആയി ഉയർന്നതോടെ ആകെ മരണസംഖ്യ 33,337 ആയി. പുതുതായി 38,874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,57,031ആയി. അതേസമയം, കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 164.36 കോടിയിലധികം (1,64,36,66,725) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 12.43 കോടിയിലധികം (12,43,49,361) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.












Click it and Unblock the Notifications