പൊതു പണിമുടക്ക് ഇന്നും തുടരും; കേരളത്തിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെ നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്നും തുടരും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മണി വരെ പണിമുടക്ക് ഉണ്ടാകും. കേരളത്തിൽ ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്സരയുമാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ല. ഈ സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ പോലും ജോലിക്ക് പോകുന്നു. എന്നാൽ, വ്യാപാരികള്‍ മാത്രം കട അടക്കുന്നത് എന്തിന് എന്ന് പി.കുഞ്ഞാവു ഹാജി ചോദിച്ചിരുന്നു.

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന്റെ രണ്ടാം ദിവസം കോഴിക്കോട് ചില പെട്രോൾ പമ്പുകളും എറണാകുളത്ത് ചില കടകളും തുറന്നു. കെ എസ് ആർ ടി സിയുടെ സർവ്വീസ് ഇന്നും ഉണ്ടാകില്ല. എന്നാൽ, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് എത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നത്. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും ജീവനക്കാരുടെ ഹാജർ ഉറപ്പ് വരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി. ജീവനക്കാർക്ക് ജോലിയ്ക്ക് എത്താൻ വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പണിമുടക്ക് ഇന്ന് രണ്ടാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെയാണ് ട്രേഡ് യുണിയനുകള്‍ രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്ത പണിമുടക്കിൽ ഒന്നാം ദിവസം രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കി. തൊഴിലാളി സംഘടകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഗ്രാമീണ മേഖലകളിലെ തൊഴിലിടങ്ങൾ അടക്കം സ്തംഭിക്കുന്നതാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.
ഒന്നാം ദിവസമായ ഇന്നലെ കേരളവും പണിമുടക്കിനോട് പൂർണ്ണമായ രീതിയിൽ സഹകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ഇന്നലെ അക്രമം നടന്നിരുന്നു. കടകൾക്കും ആശുപത്രി വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നിരുന്നു. പൊതു ജനങ്ങൾക്ക് ഈ പണിമുടക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. കേരളത്തിൽ ഹർത്താലിന് സമാനമായ രീതിയിൽ ആയിരുന്നു പണിമുടക്ക്. കടകൾ തുറന്നിരുന്നില്ല. സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്ക് ഇറങ്ങിയവർ ബുദ്ധിമുട്ടി. സ്വകാര്യ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സും നിരത്തിൽ ഇറങ്ങിയിരുന്നില്ല.












Click it and Unblock the Notifications