മധ്യപ്രദേശ് കോണ്‍ഗ്രസിലെ ചോര്‍ച്ച 22ല്‍ നില്‍ക്കില്ല! 30 എംഎൽഎമാർ രാജി വെയ്ക്കുമെന്ന് ബിജെപി നേതാവ്!
ഭോപ്പാല്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയെ പലതവണ വെല്ലുവിളിച്ചിട്ടുണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഒടുവില്‍ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ സര്‍ക്കാരിന് ചതി പറ്റിയിരിക്കുകയാണ്. 22 എംഎല്‍എമാരാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കോണ്‍ഗ്രസിലെ ചോര്‍ച്ച 22ല്‍ നില്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിംഗ് അവകാശപ്പെടുന്നത് കോണ്‍ഗ്രസില്‍ നിന്ന് 30 എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിക്കൊപ്പം പോകും എന്നാണ്.

ബെംഗളൂരുവിലുളള 19 എംഎല്‍എമാരുടെ രാജിക്കത്തും കൊണ്ടാണ് താന്‍ ഭോപ്പാലില്‍ എത്തിയത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയുമുണ്ട്. വൈകുന്നേരത്തോടെ എണ്ണം 30 ആയി ഉയരും എന്നാണ് ഭൂപേന്ദ്ര സിംഗ് അവകാശപ്പെടുന്നത്. ഇനിയും രാജിയുണ്ടാകും എന്നാണ് ബിജെപി പാളയത്തില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എ ബിസാഹുലാല്‍ സാഹു പ്രതികരിച്ചിരിക്കുന്നത്.
കമല്‍നാഥിന്റെ നേതൃത്വത്തോട് അതൃപ്തിയുളള നേതാക്കളാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരിക്കുന്നതെന്നും ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുമെന്നും ബിസാഹുലാല്‍ സാഹു വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പമാണ് സാഹു മാധ്യമങ്ങളെ കണ്ടത്. കമല്‍നാഥ് സര്‍ക്കാരിലെ ആറ് മന്ത്രിമാര്‍ അടക്കമുളളവരാണ് ഒരു ദിവസം കൊണ്ട് രാജി വെച്ചിരിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബിഎസ്പിയുടേയും സ്വതന്ത്ര എംഎല്‍എമാരും കളമാറിയേക്കുമെന്ന് സൂചനയുണ്ട്. ഇവര്‍ ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.












Click it and Unblock the Notifications