ട്രെയിനിലെ കുടിവെള്ളത്തിന് അഞ്ച് രൂപ അധികം ഈടാക്കി; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ
ചണ്ഡീഗഢ്: സാധനങ്ങൾക്ക് അമിത തുക ഈടാക്കുന്ന ശിക്ഷാർഹമാണ് എന്ന് നമുക്ക് അറിയാവുന്നതാണ്. പക്ഷേ പലപ്പോഴും അവസരം മുതലെടുത്ത് സാധനങ്ങൾക്ക് വിലകൂട്ടി വിൽക്കുന്ന രീതി കണ്ടിട്ടുണ്ട്. അത്തരത്തിൽ ട്രെയിനിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയ വിൽപ്പനക്കാരന് പണി കിട്ടിയിരിക്കുകയാണ്. സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ട്..
ട്രെയിനിൽ കുടിവെള്ളത്തിന് അമിത തുക ഈടാക്കിയ കാറ്ററിങ് കരാറുകാരനെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവെ തന്നെ രംഗത്തെത്തി. ഒരു കുപ്പി കുടിവെള്ളത്തിന് വിപണിയിൽ ഉള്ളതിനേക്കാൾ അഞ്ച് രൂപ അധികം ഈടാക്കിയതിനെ തുടർന്നായിരുന്നു നടപടി. ലഖ്നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായ ശിവം ഭട്ടിൽ നിന്നാണ് 15 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കിയത്.

സംഭവത്തിൽ കരാറുകാരനായ ഉത്തർപ്രദേശ് ഗോണ്ടയിലെ എം എസ് ചന്ദ്ര മൗലി മിശ്രക്കെതിരെ ഇന്ത്യൻ റെയിൽവേയുടെ അംബാല ഡിവിഷൻ നടിപടിയെടുത്തു. ഒരു ലക്ഷം രൂപ പിഴയായി ചുമത്തുകയും ചെയ്തു.അധിക തുക ഈടാക്കിയ വിവരം ഭട്ട് ട്വിറററിലൂടെയാണ് അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ റെയിൽവേ നടപടി സ്വീകരിച്ചു.
യാത്രക്കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐആർടിസി പിഴ ഈടാക്കിയത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ലൈസൻസുള്ള കരാറുകാരനാണ് ചന്ദ്ര മൗലി മിശ്ര. ചണ്ഡീഗഢിൽ നിന്ന് ഷാജഹാൻപൂരിലേക്ക് പോകുന്ന ലഖ്നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.യാത്രക്കാർ എത്ര പരാതി നൽകിയാലും ഇത്തരം കൊള്ളകൾക്കെതിരെയുള്ള കടുത്ത നടപടി റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകാനിടയില്ലെന്നും ഭട്ട് ട്വീറ്ററിലൂടെ ആരോപിച്ചിരുന്നു.
12232 നമ്പർ ട്രെയിനിൽ പാൻട്രിയോ മാനേജരോ ഇല്ലെന്ന് വിൽപനക്കാരൻ ആവർത്തിച്ചതായും അങ്ങനെയാണെങ്കിൽ ആർക്ക് വേണമെങ്കിലും ട്രെയിനിൽ തോന്നിയ വിലയക്ക് കുടിവെള്ളം വില്ക്കാമോ എന്നും ട്വീറ്റിലൂടെ ഭട്ട് ചോദിച്ചു.
കരാറുകാരനിൽ നിന്ന് പിഴ ഈടാക്കുകയും വില്പനക്കാരനെ അറസ്റ്റ് ചെയ്ത് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ വാണിജ്യ ബ്രാഞ്ച് ഡിവിഷണൽ റെയിൽവേ മാനേജർമാർക്ക് ശുപാർശ നൽകുകയും ചെയ്തു. കൂടാതെ ഐആർസിടിസിയുടെ റീജിയണൽ മാനേജരെ അംബാലയിലേക്ക് വിളിച്ചുവരുത്തി കേസിനെക്കുറിച്ച് അറിയിച്ചതായി സീനിയർ ഡിവിഷണൽ കൊമേഴ്ഷ്യൽ മാനേജർ ഹരി മോഹൻ പറഞ്ഞു. ട്രെയിനുകളിലെ അനധികൃത വിൽപ്പനയും അധികവില ഈടാക്കലും നിയന്ത്രിക്കാൻ ടിക്കറ്റ് പരിശോധകർക്കും സിഎംഐമാർക്കും നിർദേശം നൽകിയതായും അംബാല റെയിൽവേ ഡിവിഷണൽ മാനേജർ ട്വിറ്ററിലൂടെ അറിയിച്ചു.












Click it and Unblock the Notifications