വിദേശ ജയിലുകളില്‍ കഴിയുന്നത് 7620 ഇന്ത്യക്കാര്‍; 2084 പേരുമായി സൗദി മുന്നില്‍
ന്യൂഡല്‍ഹി: 86 രാജ്യങ്ങളിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 7620 ഇന്ത്യക്കാരെന്ന് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ലോകസഭയെ അറിയിച്ചതാണ് വേദനിപ്പിക്കുന്ന ഈ വിവരം. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ പേരില്‍ പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിദേശ തടവറകളില്‍ കഴിയുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

54 ശതമാനം തടവുകാരും ഗള്‍ഫ് നാടുകളില്‍
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാര്‍ കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്- 56 ശതമാനം പേര്‍. ഇക്കാര്യത്തില്‍ സൗദി അറേബ്യയാണ് ഏറ്റവും മുന്നില്‍. സ്ത്രീകളുള്‍പ്പെടെ 2084 ഇന്ത്യക്കാരാണ് ഇവിടത്തെ ജയിലുകളില്‍ കഴിയുന്നത്. ഗള്‍ഫ് നാടുകളില്‍ പലതിലും മദ്യം നിരോധിക്കപ്പെട്ടതിനാല്‍ ഇതുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതല്‍ പേരും അകത്തായിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകളും കുറവല്ല.

മനുഷ്യക്കടത്തില്‍ 500 പേര്‍
ലഭ്യമായ കണക്കുകളടനുസരിച്ച് മനുഷ്യക്കടത്ത്, വിസ ചട്ടലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട് 500റോളം ഇന്ത്യക്കാര്‍ തടവുകളില്‍ കഴിയുന്നുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമെ, തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനീഷ്യ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങിയതിലേറെപ്പേരും.
ഇന്ത്യയില്‍ നിന്ന് കുടിയേറിയവര്‍ ഏറെയുള്ള ആസ്‌ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളില്‍ നൂറിലേറെ ഇന്ത്യക്കാര്‍ ജയിലുകളിലുണ്ട്. കൊലപാതകം, ലൈംഗികാതിക്രമങ്ങള്‍, കള്ളപ്പണം തുടങ്ങിയ ഗുരുതരകമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരാണ് അവരിലേറെയും.

പാക്കിസ്താനില്‍ 546 പേര്‍, കൂടുതലും മല്‍സ്യത്തൊഴിലാളികള്‍
അയല്‍രാജ്യമായ പാക്കിസ്താനിലെ ജയിലുകളില്‍ 546 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. പാകിസ്താന്‍ അധികൃതര്‍ രാജ്യത്തിന് കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ഇതില്‍ 500ഓളം പേര്‍ മല്‍സ്യബന്ധനത്തിനിടെ പിടിക്കപ്പെട്ടവരാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണെ, എത്യോപ്യ എന്നീ രാജ്യങ്ങളിലും തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള നിരവധി മല്‍സ്യത്തൊഴിലാളികള്‍ അഴികളെണ്ണിക്കഴിയുന്നുണ്ട്.

30 രാജ്യങ്ങളുമായി കരാര്‍
തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് 30 രാജ്യങ്ങളുമായി കരാര്‍ നിലവിലുണ്ട്. ഇതനുസരിച്ച് 2003 മുതല്‍ 61 ഇന്ത്യക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ഇറ്റലി, ഗ്രീസ്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ തടസ്സമായി ചൂണ്ടിക്കാണിച്ച് തടവുകാരുടെ എണ്ണം കൈമാറാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍.












Click it and Unblock the Notifications