വോട്ട് ആര്‍ക്കെന്ന് പറഞ്ഞില്ല, 80കാരനെ കൊന്നു
ഝാന്‍സി: ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വൃദ്ധനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഝാന്‍സി മണ്ഡലത്തിലാണ് സംഭവം നടന്നത്. ലളിത്പൂര്‍ സ്വദേശിയായ ജംഗി ലാല്‍ എന്ന വൃദ്ധനാണ് കൊല്ലപ്പെട്ടത്.
വോട്ട് ചെയ്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ ജംഗി ലാലിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സമീപത്തുള്ള ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ഇവര്‍ വൃദ്ധനോട് ചോദിച്ചു. വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര് ദൈവത്തെ സത്യം ചെയ്ത് പറയാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്രെ.

എന്നാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വെളിപ്പെടുത്താന്‍ ജംഗി ലാല്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ എല്ലാവരും ചേര്‍ന്ന് ജംഗി ലാലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജംഗി ലാലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് ഒന്നിന് ആശുപത്രിയില്‍ വെച്ച് ജംഗി ലാല്‍ മരിച്ചു.
അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊലപാതകികളുടെ ആളുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി ജംഗി ലാലിന്റെ മകന്‍ പറഞ്ഞു. ക്രമസമാധാന പാലനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. സമാജ് വാദി പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ ശരിക്കുള്ള മുസ്ലിങ്ങളല്ല എന്നും ഇവരെ ഡി എന്‍ എ ടെസ്റ്റിന് വിധേയരാക്കണം എന്നും കഴിഞ്ഞ ദിവസം മുതിര്‍ന്ന എസ് പി നേതാവായ അബു ആസ്മി പറഞ്ഞിരുന്നു.












Click it and Unblock the Notifications