എട്ടാം ശമ്പള കമ്മീഷന്‍; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍, 2026 ജനുവരി മുതല്‍ ശമ്പളം കൂടും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. കമ്മീഷന്‍ പരിശോധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍.
18 മാസമാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ വരുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്താം മാസത്തിലാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ധാരണയായിരിക്കുന്നത്. എന്തൊക്കെയാണ് കമ്മീഷന്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ എന്ന് അറിയാമോ?

എട്ടാം ശമ്പള കമ്മീഷന്‍ ഒരു താല്‍ക്കാലിക സമിതി ആയിരിക്കും എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചത് എന്ന് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ പത്ത് വര്‍ഷത്തേക്കാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക. 2016 മുതലാണ് ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയത്. 2026 മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരമായിരിക്കും ശമ്പളം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ധനപരമായ കാര്യക്ഷമതയും കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
വികസന ചെലവുകള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ വിഭവങ്ങള്‍ ഉണ്ട് എന്ന് ഉറപ്പാക്കും. നോണ്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതികളുടെ ചെലവ് പരിശോധിക്കും. ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കുന്നത് വവരെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുക.
ജീവനക്കാര്‍ക്ക് സാമ്പത്തികമായതും അല്ലാത്തതുമായ എന്തെല്ലാം നേട്ടങ്ങള്‍ നല്‍കാമെന്ന് കമ്മീഷന്‍ പരിശോധിക്കും. 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷം ആകുമ്പോള്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ശമ്പളം, അലവന്‍സ്, ക്ഷാമ ബത്ത, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ആനുകൂല്യങ്ങളും ശുപാര്‍ശ ചെയ്യും.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണ് എന്നതിനെ അനുസരിച്ചാകും എത്രത്തോളം ശമ്പളം വര്‍ധിക്കുമെന്ന് തീരുമാനിക്കുക. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.96 ആയിരിക്കുമെന്നാണ് മിക്ക വിപണി നിരീക്ഷകരും പറയുന്നത്. അതേസമയം, 2.40 ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കുകയാണെങ്കില്‍ വലിയ തോതിലുള്ള വര്‍ധനവ് ശമ്പളത്തില്‍ വരും.
എത്ര രൂപയായി ശമ്പളം വര്‍ധിക്കുമെന്ന് അറിയാനാണ് ഓരോ ഉദ്യോഗസ്ഥരും കാത്തിരിക്കുന്നത്. 50 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വരുമാനത്തില്‍ മാറ്റം വരാന്‍ പോകുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ടത്.












Click it and Unblock the Notifications