നമ്പർ 11 A; ആരും അത്ര താല്‍പര്യമില്ലാത്ത സീറ്റ്; പക്ഷെ വിശ്വാസ് കുമാറിന് ഇത് ജീവന്‍ കാത്ത ഭാഗ്യ ഇരിപ്പിടം
വാതിലിന് അടുത്തായി സ്ഥിതി ചെയ്യുന്നു എന്ന കാരണത്താല്‍ തന്നെ ആളുകള്‍ പലപ്പോഴും തിരഞ്ഞെടുക്കാന്‍ മടിക്കുന്ന സീറ്റാണ് എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിംഗ് 787-ലെ സീറ്റ് നമ്പർ 11 A. വാതിലിന് അടുത്തായതിനാല്‍ തന്നെ മറ്റ് സീറ്റുകളിലേത് പോലെ അത്രയധികം ചാരിയിരിക്കാനോ കാലുകള്‍ നീട്ടിവെക്കാനോയൊന്നും സാധിക്കില്ല. അതാണ് ഈ സീറ്റ് പൊതുവെ ഒഴിവാക്കാനുള്ള കാരണം.
പേരിന് വിന്‍ഡോ സീറ്റാണെങ്കിലും വിന്‍ഡോ ഇല്ലാത്താ വിന്‍ഡോ സീറ്റെന്ന കുപ്രസിദ്ധിയും 11 A-യ്ക്കുണ്ട്. എയർ കണ്ടീഷനിംഗ് ഡക്ടുകൾ പോലുള്ള സംവിധാനങ്ങള്‍ കാരണം ചില സീറ്റുകളില്‍ പ്രത്യേകിച്ച് 9A, 10A, 11A, 12A പോലുള്ള ചിറകിന്റെ മുൻവശത്തുള്ള സീറ്റുകൾക്ക് ജനാലകൾ ഉണ്ടാകാറില്ല. എന്നാല്‍ പലരും ഇഷ്ടപ്പെടാത്ത അതേ സീറ്റ് നമ്പർ 11 Aയാണ് ഇന്ന് വിശ്വാസ് കുമാർ രമേഷ് എന്ന നാല്‍പ്പതുകാരന്റെ ജീവന്‍ രക്ഷിച്ച ഭാഗ്യഇരിപ്പിടം.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട് കത്തിയമർന്ന വിമാനത്തിലെ 242 യാത്രക്കാരില്‍ ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയാണ് സീറ്റ് നമ്പർ 11 Aയിലെ യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷ്. ദുരന്തത്തിന് മുമ്പ് വിമാനത്തില്‍ എന്താണ് നടന്നതെന്ന് ലോകത്തോട് പറയാന്‍ ബാക്കിയായ ഓരേയൊരാള്‍. എങ്ങനെ ജീവനോടെ ബാക്കിയായെന്ന് ഇപ്പോഴും അറിയില്ലെന്നാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാർ പറയുന്നത്.
വിമാനം ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ എമർജൻസി വാതിലും സമീപത്തുള്ള 11 A സീറ്റും അതില്‍ ഇരിക്കുകയായിരുന്ന വിശ്വാസ് കുമാറും പുറത്തേക്ക് തെറിച്ച് വീണിരിക്കാമെന്നാണ് കരുതുന്നത്. 'ഞാൻ ഇരുന്നിരുന്ന ഭാഗം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കാണ് പതിച്ചു. വാതിൽ തകർന്നപ്പോൾ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാൻ പുറത്തേക്ക് ചാടി. ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിനടുത്തായിട്ടാണ് ഞാൻ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമേ ഉണ്ടായിരുന്നുള്ളു. ഞാൻ അതിലൂടെ പുറത്തിറങ്ങി. കെട്ടിടത്തിന്റെ മതിൽ എതിർവശത്താണ്. ആർക്കും അതുവഴി പുറത്തുവരാൻ കഴിഞ്ഞില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. എന്റെ കൈയിൽ പൊള്ളലേറ്റു. എന്റെ കൺമുമ്പിൽവെച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്. ഞാനും മരിച്ചുവെന്നാണ് കരുതിയത്' വിശ്വാസ് കുമാർ പറഞ്ഞു.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ സഹോദരനൊപ്പമായിരുന്നു എയർ ഇന്ത്യയുടെ വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചത്. ദാമന്‍ ദിയു ആണ് ഇദ്ദേഹത്തിന്റെ ജന്മദേശമെങ്കിലും കഴിഞ്ഞ 20 വർഷമായി ലണ്ടനിലാണ് കഴിയുന്നത്. ഇന്ന് രാവിലെ സിവില്‍ ആശുപത്രിയില്‍ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി ഏറെ നേരം വിശ്വാസ് കുമാറുമായി സംസാരിച്ചിരുന്നു.












Click it and Unblock the Notifications