ആ അംബാസിഡര്‍ സച്ചിനോ ആമിര്‍ ഖാനോ?
റായ്പൂര്‍: ഛത്തീസ്ഗഡ് ടൂറിസം അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറോ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനോ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇരുതാരങ്ങളുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നും രണ്ടില്‍ ഒരാളെ സംസ്ഥാന ടൂറിസം അംബാസിഡറായി തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതില്‍തന്നെ ആമിര്‍ഖാനായിരിക്കും കൂടുതല്‍ സാധ്യതകളെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസം ആദ്യം ഛത്തീസ്ഗഡ് കൃഷിമന്ത്രി ചന്ദ്രശേഖര്‍ സാഹുവാണ് ആമിര്‍ ഖാന്‍ സംസ്ഥാനത്തെ നെല്ലുല്‍പാദനത്തിന്റെ അംബാസിഡറായി എത്തുമെന്ന് സൂചന നല്‍കിയത്. നെല്ലുല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ആമിറിന്റെ സേവനം തേടിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാകുകയാണെങ്കില്‍ ആമിര്‍ മാര്‍ച്ചുമുതല്‍ ഛത്തീസ്ഗഡുമായി സഹകരിക്കും.

ആമിര്‍ ഖാനല്ലെങ്കില്‍ സച്ചിനായിരിക്കും ഛത്തീസ്ഗഡ് ടൂറിസത്തിന്റെ അംബാസിഡറാകുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന് മറ്റ് തിരക്കുകളൊന്നുമില്ലാത്തതാണ് ഈ സ്ഥാനത്തേക്ക് സച്ചിനെ പ്രിയങ്കരനാക്കുന്നത്. കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്ത രാജ്യസഭ എം പിയാണ് സച്ചിന്‍. സച്ചിനും ആമിറിനും പുറമേ അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായി എന്നിവരുടെ പേരും പറഞ്ഞുകേട്ടിരുന്നു.
ഛത്തീസ്ഗഡിലെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തിയാണ് നെല്ലുല്‍പാദനം. ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് നയിക്കുന്ന ബി ജെ പി രണ്ടാമതും ഭരണത്തിലെത്തിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും നിയമസഭയിലേക്ക് ബി ജെ പി ജയിച്ചിരുന്നു. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ടൂറിസത്തിന്റെ അംബാസിഡര്‍.












Click it and Unblock the Notifications