അഭിഷേക് ബച്ചന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും? അമിതാഭ് ബച്ചന്റെ വഴിയിലെന്ന് റിപ്പോര്‍ട്ട്, സത്യം ഇതാണ്
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് കേന്ദ്രമായുള്ള മാധ്യമങ്ങളിലാണ് ഈ വാര്‍ത്തകള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ അലഹാബാദ് (പ്രയാഗ്‌രാജ്) മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് മല്‍സരിക്കുകയെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
പിതാവ് അമിതാഭ് ബച്ചനും അമ്മ ജയ ബച്ചനും രാഷ്ട്രീയ കളരിയില്‍ ഒരുവേള നിറഞ്ഞുനിന്നവരാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട് അമിതാഭ് ബച്ചന്‍. എസ്പി ടിക്കറ്റില്‍ ഒന്നിലധികം തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജയ ബച്ചന്‍. ഇതേ വഴി തന്നെയാണ് അഭിഷേകും സ്വീകരിക്കുക എന്നാണ് വാര്‍ത്തകള്‍.

അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയില്‍ ചേര്‍ന്നാണ് അഭിഷേക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന വാര്‍ത്ത ഭാരത് സമാചാര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് നല്‍കിയത്. അമിതാഭ് ബച്ചനെ പോലെ അലഹാബാദ് മണ്ഡലം അദ്ദേഹം തിരഞ്ഞെടുക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. അതേസമയം, ഈ വാര്‍ത്ത തെറ്റാണെന്ന് നടനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പും സമാനമായ രീതിയില്‍ അഭിഷേക് ബച്ചന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 2013ല്‍ ഇക്കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കുകയും ചെയ്തു. ''സിനിമയില്‍ ഒരുപക്ഷേ ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്താം. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ വലിയ പ്രയാസമാണ്. അതുണ്ടാകില്ല'' എന്നാണ് അന്ന് താരം വ്യക്തമാക്കിയത്.
സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതികരണം
വിഷയത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തുവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിയായി പ്രയാഗ് രാജില്‍ നിന്ന് അഭിഷേക് ബച്ചന്‍ മല്‍സരിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് പാര്‍ട്ടി പ്രയാഗ് രാജ് മുന്‍ ജില്ലാ പ്രസിഡന്റ് യോഗേഷ് ചന്ദ്രയാദവ് പറഞ്ഞു. പാര്‍ട്ടിയുടെ നിലവിലെ ജില്ലാ നേതൃത്വവും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തുവന്നു.
പാര്‍ട്ടി ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ യാതൊരു ശുപാര്‍ശയും നല്‍കിയിട്ടില്ല. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിവില്ല. ഏതൊക്കെ മണ്ഡലത്തില്‍ ആര് മല്‍സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവാണ്. മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തയില്‍ സത്യമില്ല- പ്രയാഗ് രാജ് സിറ്റി പ്രസിഡന്റ് സയ്യിദ് ഇഫ്തിഖാര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എസ്പി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. എസ്പി ടിക്കറ്റില്‍ ആര് മല്‍സരിച്ചാലും പ്രയാഗ് രാജില്‍ ജയിക്കും. നേരത്തെ ജയ ബച്ചന്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അവരുടെ മകന്‍ മല്‍സരിക്കുമെന്നാണ് വാര്‍ത്തകള്‍. അഭിഷേക് ബച്ചന്‍ മല്‍സരിച്ചാല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പ്രയാഗ് രാജ് മാറും- യോഗേഷ് ചന്ദ്ര യാദവ് പറഞ്ഞു.
അമിതാഭ് ബച്ചന്‍ മല്‍സരിച്ചപ്പോള്‍...
1984ല്‍ അമിതാഭ് ബച്ചന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു ജനവിധി തേടിയത്. ലോക് ദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹേമവതി നന്ദന്‍ ബഹുഗുണയായിരുന്നു എതിരാളി. 68 ശതമാനം വോട്ട് നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ബച്ചന്‍ ജയിച്ചു. രാഷ്ട്രീയം തനിക്ക് പറ്റിയ ഇടമല്ലെന്ന് വ്യക്തമാക്കി അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം പിന്മാറി.
ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകള്‍ റിത ജോഷിയാണ് നിലവില്‍ മണ്ഡലത്തിലെ ബിജെപി എംപി. അവരെ നേരിടാന്‍ അഭിഷേക് ബച്ചന്‍ എത്തിയാല്‍ ചരിത്രം ആവര്‍ത്തിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്പി നേതാക്കളുമുണ്ട്. 40 വര്‍ഷത്തിന് ശേഷം ബച്ചന്‍ കുടുംബത്തില്‍ നിന്നൊരാള്‍ വന്ന് അന്നത്തെ എതിരാളിയുടെ മകള്‍ക്കെതിരെ മല്‍സരിക്കുന്നത് രസകരമാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.












Click it and Unblock the Notifications