ഭാരത് ജോഡോ യാത്രയിലേക്ക് കമല്‍ഹാസനും..; രാഹുലിന്റെ ക്ഷണം സ്വീകരിച്ച് ഉലകനായകന്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടന്‍ കമല്‍ഹാസനും ഭാഗമാകും. ഡിസംബര്‍ 24 ന് നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ആണ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്‍ കമല്‍ഹാസനും പങ്കെടുക്കുന്നത്. ഭാരത് ജോഡോ യാത്ര ദല്‍ഹിയില്‍ പ്രവേശിക്കുമ്പോഴാണ് കമല്‍ഹാസന്‍ പങ്ക് ചേരുക എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ക്ഷണം അനുസരിച്ചാണ് കമല്‍ഹാസന്‍ യാത്രയില്‍ ഭാഗമാകുന്നത്. ദല്‍ഹി.ില്‍ എട്ട് ദിവസമാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. അതിന് ശേഷം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കും, പിന്നീട് പഞ്ചാബില്‍ എത്തിയ ശേഷം അവസാന സംസ്ഥാനമായ ജമ്മു കശ്മീരില്‍ പ്രവേശിക്കും.

ഇതാദ്യമായല്ല യാത്രയില്‍ സെലിബ്രിറ്റികള്‍ അണിനിരക്കുന്നത്. നടി സ്വര ഭാസ്‌കര്‍, പൂജ ഭട്ട്, അമോല്‍ പലേക്കര്‍, റിയ സെന്‍, രശ്മി ദേശായി, അകാന്‍ഷ പുരി, ഒനിര്‍, മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ആര്‍ ബി ഐ ) ഗവര്‍ണര്‍ രഘുറാം രാജന്‍, മേധാ പട്കര്‍, വിജേന്ദര്‍ സിംഗ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു.

കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് എട്ട് സംസ്ഥാനങ്ങള്‍ സഞ്ചരിച്ച യാത്ര വെള്ളിയാഴ്ച 100 ദിവസം പൂര്‍ത്തിയാക്കി. തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പര്യടനം ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അടുത്തിടെ സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമാണ് ഭാരത് ജോഡോ പദയാത്ര. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 42 ജില്ലകളിലായി 3000 ത്തിന് അടുത്ത് കിലോമീറ്റര്‍ ഭാരത് ജോഡോ യാത്ര പിന്നിട്ടിട്ടുണ്ട്. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ ആണ് ഭാരത് ജോഡോ യാത്ര സമാപിക്കുക.

അതേസമയം ഭാരത് ജോഡോ യാത്ര വിജയിച്ചു എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .യാത്ര തെക്കെ ഇന്ത്യയില്‍ മാത്രം വിജയിക്കുമെന്നാണ് ആദ്യം ചിലര്‍ പറഞ്ഞത് എന്നും എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വന്‍ ആള്‍ക്കൂട്ടമായിരുന്നു എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications