പൊതുമേഖല വൈദ്യുതി കമ്പനികള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യാനുള്ള നിര്‍ണായക കരാര്‍ അദാനിക്കെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖല വൈദ്യുതി കമ്പനികള്‍ക്ക് വിദേശ കല്‍ക്കരി വിതരണം ചെയ്യുന്നതിനുള്ള ഇറക്കുമതി കരാര്‍ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. പൊതുമേഖല വൈദ്യുതി കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനും (എന്‍.ടി.പി.സി), കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ ലിമിറ്റഡിനും വിദേശ കല്‍ക്കരി വിതരണം ചെയ്യാനുള്ള നിര്‍ണായക കരാറാണ് അദാനി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ അദാനിയ്ക്ക് നല്‍കുന്നത്. അതേസമയം കരാര്‍ സംബന്ധിച്ച് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് വാര്‍ത്താവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് വര്‍ഷത്തേക്കാകും കരാര്‍ നല്‍കുക. കല്‍ക്കരി ഇറക്കുമതിക്കുള്ള ആദ്യ ടെന്‍ഡര്‍ ഒക്ടോബറില്‍ പുറപ്പെടുവിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ഒരു മില്യണ്‍ കല്‍ക്കരിയാവും അദാനി നല്‍കുക. ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ ലിമിറ്റഡിനും ഒരു മില്യണ്‍ കല്‍ക്കരി നല്‍കിയേക്കും. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് അദാനി ഗ്രൂപ്പോ, എന്‍.ടി.പി.സിയോ ദാമോദര്‍ വാലി കോര്‍പ്പറേഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കെയാണ് വിദേശത്ത് നിന്ന് കല്‍ക്കരി വാങ്ങാനുള്ള തീരുമാനം. രാജ്യത്തെ വൈദ്യുതോല്‍പ്പാദനത്തിന്റെ 70% കല്‍ക്കരിയാണ്, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഉപഭോഗം വര്‍ധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ മാസം മുതല്‍ ഓസ്ട്രേലിയയിലെ കാര്‍മൈക്കല്‍ കല്‍ക്കരി ഖനിയില്‍ നിന്ന് അദാനി ചരക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ 2021 ന്റെ പകുതിയില്‍ രാജ്യം കടുത്ത ഊര്‍ജ പ്രതിസന്ധി നേരിട്ടിരുന്നു.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നായിരുന്നു ഇത്. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളില്‍ നിന്നാണെന്നിരിക്കെ കല്‍ക്കരി ക്ഷാമം താപനിലയങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ലോകത്താകമാനം കല്‍ക്കരി ഉപഭോഗം കുറയുമ്പോഴും രാജ്യത്ത് വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ് കാലങ്ങളായി തുടരുന്നത്. 2011- 12 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ 58 ശതമാനം കല്‍ക്കരിയെ ആശ്രയിച്ചായിരുന്നു. 2018-19ല്‍ ഇത് 66 ശതമാനമായാണ് വര്‍ധിച്ചത്.
2010 ല്‍ ലോകത്ത് കല്‍ക്കരിയുടെ ഉപഭോഗം 41 ശതമാനമായിരുന്നു. 2019-ല്‍ 35 ശതമാനമായി കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ ഉപഭോഗം വര്‍ധിച്ചത്. കൊവിഡ് കാരണം 2019-20ല്‍ വര്‍ഷ കാലയളവില്‍ ഉത്പാദനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈദ്യുതി ഉത്പാദനത്തില്‍ കല്‍ക്കരിയുടെ പങ്ക് രാജ്യത്ത് 72 ശതമാനമായി വര്‍ധിക്കുകയായിരുന്നു.












Click it and Unblock the Notifications