പൗരത്വ ഭേദഗതി നിയമം വീണ്ടും ചര്‍ച്ചയാകുന്നു; പിന്‍വലിക്കണമെന്ന് മുസ്ലിം നേതാക്കള്‍
ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കെ, പൗരത്വ ഭേദഗതി നിയമം (സിഎഎ) വീണ്ടും ചര്‍ച്ചയാകുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്ത മുസ്ലിം നേതാക്കള്‍ സിഎഎ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലിയ ശക്തിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ദയൂബന്ദിലെ മൗലാന അര്‍ഷദ് മദനി പ്രതികരിച്ചു. സര്‍ക്കാരിനും പാര്‍ലമെന്റിനുമാണ് ഏറ്റവും ശക്തിയെന്ന് കരുതുന്നത് തെറ്റാണ്. ജനങ്ങള്‍ ഒരിക്കല്‍ കൂടി അവരുടെ ശക്തി കാണിച്ചിരിക്കുന്നു. ജനകീയ പ്രതിഷേധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല. കര്‍ഷകരായ സഹോദരങ്ങളെ അഭിനന്ദിക്കുന്നുവെന്നും അര്‍ഷദ് മദനി പറഞ്ഞു.
കര്‍ഷകരുടെ സമരത്തിന് വിത്ത് പാകിയത് സിഎഎ വിരുദ്ധ സമരമാണ്. അര്‍ധരാത്രി പോലും സ്ത്രീകള്‍ തെരുവുകളില്‍ സിഎഎക്കെതിരെ സമരം ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ എടുത്തു. എന്നാല്‍ ആ മുന്നേറ്റത്തെ തകര്‍ക്കാന്‍ സാധിച്ചില്ല. മുസ്ലിങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പിന്‍വലിക്കണം. കാര്‍ഷിക നിയമങ്ങളില്‍ മോദി ശ്രദ്ധ പതിപ്പിച്ച പോലെ മുസ്ലിങ്ങള്‍ക്കെതിരായ നിയമങ്ങളിലും ശ്രദ്ധിക്കണം. സിഎഎ പിന്‍വലിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയതെന്നും അര്‍ഷദ് മദനി പറഞ്ഞു.

സിഎഎ നിയമം പിന്‍വലിക്കണമെന്ന് ലഖ്‌നൗവിലെ മുസ്ലിം പണ്ഡിതന്‍ മൗലനാ സുഫിയാന്‍ നിസാമി ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനയ്ക്ക് എതിരാണ് സിഎഎ. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം പാടില്ലെന്നും സുഫിയാന്‍ നിസാമി ആവശ്യപ്പെട്ടു. സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. സിഎഎ, യുഎപിഎ തുടങ്ങി ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിന്‍വലിക്കണമെന്ന് മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവായിദ് ഹാമിദ് പ്രതികരിച്ചു.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍
അതേസമയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ പുതിയ ആയുധങ്ങള്‍ ഒരുക്കുകയാണ് പ്രതിപക്ഷം. സിഎഎ, കശ്മീരിന്റെ പ്രത്യേക പദവി എന്നീ കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഈ വിഷയം ബിജെപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. കാര്‍ഷിക നിയമം പോലെ ബിജെപിക്ക് തിരിച്ചടിയാകുന്നതല്ല സിഎഎ, കശ്മീര്‍, യുഎപിഎ വിഷയങ്ങള്‍ എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും ഈ ആവശ്യവുമായി രംഗത്തെത്തി.












Click it and Unblock the Notifications