സത്യപ്രതിജ്ഞയ്ക്ക് മുമ്പെ തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി; ഒടുവിൽ മന്ത്രിസ്ഥാനം കൈവിട്ട് ഒപിഎസിന്റെ മകൻ
ചെന്നൈ: രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ച നേതാവായിരുന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ സെൽവത്തിന്റെ മകനും അണ്ണാ ഡിഎംകെ നേതാവുമായ ഒപി രവീന്ദ്രനാഥ് കുമാർ. അണ്ണാ ഡിഎംകെയുടെ ഏക എംപിയാണ് രവീന്ദ്രനാഥ് കുമാർ. തമിഴ്നാട്ടിൽ ബിജെപി- അണ്ണാ ഡിഎംകെ സഖ്യം പരാജയമായിരുന്നെങ്കിലും രാജ്യസഭാ സീറ്റുകൾ പരിഗണിച്ച് രവീന്ദ്രനാഥിന് മന്ത്രിസ്ഥാനം നൽകുമെന്നാണ് കരുതപ്പെട്ടത്.
രണ്ട് പതിറ്റാണ്ടിന് ശേഷം കേന്ദ്രമന്ത്രിസഭയിൽ എത്തുന്ന അണ്ണാ ഡിഎംകെ പ്രതിനിധി എന്ന നിലയ്ക്കാണ് രവീന്ദ്രനാഥിന്റെ മന്ത്രിസ്ഥാനം പരിഗണിക്കപ്പെട്ടത്. അഭ്യൂഹങ്ങൾ ശക്തമായതോടെ തേനിയിലും അണ്ണാ ഡിഎംകെയുടെ ശക്തി കേന്ദ്രങ്ങളിലും രവീന്ദ്രനാഥിന് അഭിനന്ദനമറിയിച്ച് പോസ്റററുകൾ പ്രത്യക്ഷപ്പെട്ടു. തേനി മണ്ഡലത്തിൽ നിന്നു 53,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ് വിജയിച്ചത്.
രണ്ടാമൂഴത്തിൽ മോദിയോടൊപ്പം ഇവരില്ല; പുറത്തുപോയത് 14 പേർ, കൂട്ടത്തിൽ സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവരും!
എന്നാൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി രണ്ടാം മോദി സർക്കാർ അധികാരമേറ്റപ്പോൾ അക്കൂട്ടത്തിൽ അണ്ണാ ഡിഎംകെയുടെ ഏക എംപി ഉണ്ടായിരുന്നില്ല. ഇതോടെ തമിഴ്നാട്ടിൽ നിന്നും ഇക്കുറി ഒരു കേന്ദ്രമന്ത്രി പോലും ഇല്ല. ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് മന്ത്രിസ്ഥാനം കൈവിട്ടതിന് കാരണമെന്നാണ് സൂചന. 58 മന്ത്രിമാരാണ് രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അണ്ണാ ഡിഎംകെയ്ക്കൊപ്പം അപ്നാ ദളിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ല. അപ്നാ ദളിന്റെ അനുപ്രിയാ പട്ടേലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതേ സമയം ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയതിൽ പ്രതിഷേധിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ പാർട്ടിക്ക് മന്ത്രിയെ വേണ്ടെന്ന് പ്രഖ്യാപിച്ചു. സർക്കാരിന്റെ ഭാഗമല്ലെന്നും എന്നാൽ എൻഡിഎയിൽ തുടരുമെന്നും നിതീഷ് കുമാർ അറിയിച്ചു.
ഒന്നാം മോദി സർക്കാരിൽ മന്ത്രിമാരായിരുന്ന സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി, മനേകാ ഗാന്ധി, ഉമാ ഭാരതി, ജെപി നദ്ദ, രാധാ മോഹൻ സിംഗ്, ജുവൽ ഒറാം എന്നിവർ കേന്ദ്രമന്ത്രിസഭയിൽ ഇല്ല. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തിന് പകരം വി മുരളീധരന് അവസരം ലഭിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ ഇപ്പോൾ.