‘അജിത് ഞങ്ങളുടെ നേതാവ്', വീണ്ടും മലക്കം മറിഞ്ഞ് ശരദ് പവാർ, 'ഇനിയൊരു അവസരം നൽകില്ല'
മുംബൈ: പാർട്ടി പിളർത്തി ബിജെപി ക്യാംപിലെത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ കുറിച്ച് പറഞ്ഞ വാക്കുകളിൽ വീണ്ടും മലക്കം മറിഞ്ഞ് എൻസിപി തലവൻ ശരദ് പവാർ. അജിത് ഞങ്ങളുടെ നേതാവാണെന്ന് പറഞ്ഞിട്ടില്ലെന്ന് ശരദ് പവാർ പറഞ്ഞു.
'സുപ്രിയ സുലെ അങ്ങനെ പറഞ്ഞാൽ കുഴപ്പമില്ല. അവൾ അവന്റെ (അജിത് പവാറിന്റെ) ഇളയ സഹോദരിയാണ്. അതിൽ രാഷ്ട്രീയ അർത്ഥം വരയ്ക്കേണ്ട ആവശ്യമില്ല', എന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം അജിത് പവാറിനെ കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയ നൽകിയ മറുപടിയാണ് സംഭവങ്ങളുടെ തുടക്കം. അജിത് ഞങ്ങളുടെ നേതാവാണെന്നും എംഎൽഎയാണെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്.

ഇതിനെ കുറിച്ച് ശരദ് പവാറിനോട് ചോദിച്ചപ്പോൾ ശരിയാണ് അതിൽ യാതൊരു സംശയവുമില്ലെന്നായിരുന്നു ശരദ് പവാർ പ്രതികപിച്ചത്. എന്നാൽ ശരദ് പവാറിന്റെ വാക്കുകൾ വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം തിരുത്തിയത്. ഒരിക്കലും ഇനി അജിത് പവാറിനൊരു അവസരം നൽകില്ലെന്നും പവാർ പറഞ്ഞു.
'ഒരിക്കൽ അജിത് രാത്രി സത്യപ്രതിജ്ഞ ചെയ്തത് എല്ലാവരും ഓർക്കുന്നില്ലേ. ഞങ്ങളുടെ ഒരു സഹപ്രവർത്തകനും കൂടി അവനൊപ്പം ഉണ്ടായിരുന്നു. ആ സമയം ഞങ്ങൾ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അവർ (അജിത് പവാർ) തങ്ങൾക്ക് തെറ്റുപറ്റിയെന്നും അത് ആവർത്തിക്കില്ലെന്നും വിശദീകരിച്ചു. അങ്ങനെ ഞങ്ങൾ അവർക്ക് വീണ്ടും ഒരു അവസരം നൽകി. എന്നാൽ ഇപ്പോൾ ആർക്കും മറ്റൊരു അവസരം ചോദിക്കാൻ കഴിയില്ല. ഞങ്ങൾ അജിതിന് ഇനിയും അവസരം കൊടുക്കുകയുമില്ല', ശരദ് പവാർ പറഞ്ഞു.
അതേസമയം എൻസിപിയിൽ ഭിന്നതയില്ലെന്ന് ശരദ് പവാർ ആവർത്തിച്ചു. ചില നേതാക്കൾ വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ചാണ് എൻസിപി വിട്ടതെന്നും എന്നാൽ ഇതിനെ പിളർപ്പായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.'ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ. പക്ഷേ, ഇതിനെ പിളര്‍പ്പ് എന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യാം', എന്നായിരുന്നു ശരദ് പറഞ്ഞത്.
നേരത്തേ എന്‍ സി പിയില്‍നിന്നുള്ള ഒരു വിഭാഗം അജിത് പവാറിന്റെ നേതൃത്വത്തില്‍ ബി ജെ പി ക്കൊപ്പം പോകുകയായിരുന്നു. തുടർന്ന് ബി ജെ പി സർക്കാരിൽ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications