പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമരീന്ദർ സിംഗ്; കർഷകരില്ലെങ്കിൽ ഭക്ഷണമില്ല; മോദിയെ പുകഴ്ത്തി ട്വീറ്റ്
പഞ്ചാബ്: വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷകരുടെ വികസനത്തിനും ക്ഷേമത്തിനുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നവീന പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തനിക്കുറപ്പുണ്ടെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.
പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച് മോദിയുടെ പ്രഖ്യാപനം വന്ന ശേഷം ഒരു വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിക്ക് പുറത്തുള്ള പ്രതിഷേധം അവസാനിപ്പിച്ച് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാനും അദ്ദേഹം പ്രതിഷേധിക്കുന്ന കർഷകരോട് അഭ്യർഥിച്ചു.

അമരീന്ദർ തൻ്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ:
പഞ്ചാബികളുടെ തീരുമാനം അംഗീകരിച്ച് ഗുരുനാനാക്ക് ജയന്തി ദിനത്തിൽ തന്നെ മൂന്ന് കരി നിയമങ്ങളും പിൻവലിച്ചതിൽ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. കർഷകരുടെ വികസനത്തിനും ക്ഷേമത്തിനുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നവീന പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തനിക്കുറപ്പുണ്ട്. കർഷകരില്ലെങ്കിൽ ഭക്ഷണമില്ലെന്നും അമരീന്ദർ ട്വീറ്റിൽ പറയുന്നുണ്ട്.
അതേസമയം കർഷക നിയമഭേദഗതികൾ പിൻവലിക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിവിധ കർഷക യൂണിയൻ സംഘടനകൾ അറിയിച്ചു. ഗാസിയാബാദിൽ കർഷകർ മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ചും ആഹ്ലാദപ്രകടനം നടത്തിയുമാണ് തീരുമാനത്തോട് സന്തോഷം പ്രകടിപ്പിച്ചത്. കിസാൻ സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വരവേറ്റത്.
അതിനിടെ, തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായാണ് ത്രികി അതിർത്തിയിൽ സമരം ചെയ്യുന്ന ഉഗ്രഹൻ വിഭാഗമായ ഭാരതീയ കിസാൻ യൂണിയൻ സംഘടനകൾ അറിയിച്ചത്. എന്നാൽ, പ്രഖ്യാപനം കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകണം. പാർലമെൻറിൽ നിയമം പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുമെന്നും രാകേഷ് ടികായത്ത് ചൂണ്ടിക്കാട്ടി.
കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം ചെയ്ത് രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്.
Recommended Video
ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നുവായിരുന്നു ഇതിലുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം.












Click it and Unblock the Notifications