അംബേദ്കർ വിവാദം: 'ബിജെപിയുടെ മുഖംമൂടി അഴിഞ്ഞുവീണു'; രൂക്ഷവിമർശനുവമായി മമത ബാനർജി
ഡൽഹി: ബി ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബി ജെ പിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്നും അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ലോക്സഭയിൽ 400 സീറ്റുകൾ എന്ന തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിലാഷം പാർട്ടി നേടിയെടുത്തിരുന്നെങ്കിൽ ഡോ. അംബേദ്കറുടെ സംഭവാനകൾ പൂർണമായും മായ്ച്ചുകളയാൻ അവർ ചരിത്രം തിരുത്തിയെഴുതിയേനെ എന്നും മമത പറഞ്ഞു.
അതേ സമയം, ഭരണഘടന ശില്പിയുടെ പൈതൃകത്തെയും പാർലമെന്റിന്റെ അന്തസ്സിനെയും അമിത് ഷാ തുരങ്കം വെച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അമിത് ഷായ്ക്കെതിരെ പ്രത്യേകാവകാശ നോട്ടീസ് നൽകി. റൂൾ 187 പ്രകാരമാണ് രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ നോട്ടീസ് സമർപ്പിച്ചത്. അമിത് ഷായ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കം.

ഭരണഘടനയുടെ 75ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചർച്ചയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്കറുടെ പേര് ഉപയോഗിക്കുന്നത് ഇപ്പോൾ പ്രതിപക്ഷ നേതാക്കളുടെ ഒരു ഫാഷൻ ആയി മാറിയെന്നാണ് അമിത് ഷാ പറഞ്ഞത്.
" അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു, " എന്നാണ് അമിത് ഷാ പറഞ്ഞത്. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബി ആർ അംബേദ്കറിന് ആദ്യ മന്ത്രി സഭയിൽ നിന്ന് രാജി വെയ്ക്കേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അമത് ഷായുടെ പരാമർശത്തിന് പിന്നാലെ അമിത് ഷായ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. അമിത് ഷാ പരാമർശം പിൻവലിക്കണമെന്നും രാജി വെയ്ക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.അമിത് ഷാ അംബേദകറെയും ഭരണഘടനേയും അപമാനിക്കുകയാണ് ചെയ്തതെന്നും
അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതികരണവുമായി മോദി രംഗത്ത് വന്നിരുന്നു. അംബേദ്ക്കറുടെ പാരമ്പര്യമില്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. നുണകൾ കൊണ്ട് കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ പറഞ്ഞ വസ്തുതകൾ കേട്ട് കോൺഗ്രസ് സ്തംഭിച്ച് പോയതിനാലാണ് അവർ ഇപ്പോൾ പ്രതിഷേധ നാടകങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കറിനോട് സർക്കാരിന് തികഞ്ഞ ആദരവും ബഹുമാനവും ആണുള്ളത് എന്ന് മോദി പറഞ്ഞു.












Click it and Unblock the Notifications