യുഎഇയെ ഞെട്ടിച്ച അമേരിക്കയുടെ ആവശ്യം: 'ആകാശ സഹായത്തിന്' പണം വേണം പോലും.. ഒടുവില്‍
അബുദാബി: 2022 ജനുവരി 17 നായിരുന്നു അബുദാബിയെ ഞെട്ടിച്ച ഡ്രോണ്‍ ആക്രമണം ഉണ്ടാവുന്നത്. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യക്കാർക്ക് പുറെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചു. മൂന്ന് പേരും അഡ്നോക്കിലെ ജീവനക്കാരയിരുന്നു.
അബുദാബിയില്‍ രണ്ടിടങ്ങളിലായിരുന്നു സ്ഫോടനം ഉണ്ടായത്. മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അന്ന് അമേരിക്ക ഉള്‍പ്പടെ യു എ ഇയുടെ സഹായത്തിന് എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം അമേരിക്ക ആ സഹായത്തിന് പണം ചോദിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഡ്രോൺ ആക്രമണത്തിന് ശേഷം ലഭിച്ച സൈനിക സഹായത്തിന് അമേരിക്കയുടെ അടുത്ത പങ്കാളികൂടിയായ് അബുദാബി പണം നൽകണമെന്ന് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഞെട്ടിപ്പോയെന്നാണ് എമിറാത്തിയെയും അമേരിക്കൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
ആക്സിയോസ് റിപ്പോർട്ടർ ബരാക് റാവിഡ് എഴുതിയ ട്രംപ്സ് പീസ് എന്ന പുസ്തകത്തിൽ നിന്നാണ് ഈ വെളിപ്പെടുത്തൽ. ആ ആക്രമണത്തിന് ശേഷം, ഇപ്പോൾ യുഎഇയുടെ ഭരണാധികാരിയായ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ്, മറ്റൊരു ആക്രമണത്തിൽ നിന്ന് എമിറേറ്റിനെ പ്രതിരോധിക്കാൻ എന്തെല്ലാം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനസിലാക്കാൻ തന്റെ സൈനിക മേധാവികളുമായി അടിയന്തര യോഗം ചേർന്നിരുന്നു.
എമിറാത്തി മിലിട്ടറി റിപ്പോർട്ട് അനുസരിച്ച് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം എമിറാത്തി എയർഫോഴ്‌സ് എഫ് -16, മിറാഷ് 2000 എന്നിവ എല്ലായ്‌പ്പോഴും വായുവിൽ ഉണ്ടായിരിക്കുക എന്നതായിരുന്നു. ഇതിന് യുഎസിന്റെ കൈവശമുള്ള ഇന്ധനം നിറയ്ക്കാനുള്ള പ്രത്യേക കഴിവ് ആവശ്യമാണ്. ധാരണ പ്രകാരം എമിറാത്തി യുദ്ധവിമാനങ്ങൾക്ക് അമേരിക്ക പലതവണ ഇന്ധനം നൽകുകയും ചെയ്തു.
അബുദാബിയിലെ രണ്ടാമത്തെ ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, യു എ സ് എംബസിയിലെ മിലിട്ടറി അറ്റാച്ച് മുതിർന്ന യു എ ഇ സൈനിക ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ചയ്ക്കായി രാജ്യത്ത് എത്തി. ഇതിൽ അവർ ഇന്ധനം നിറയ്ക്കുന്നതിനുള്ള ബില്ലും യു എ ഇക്ക് കൈമാറി. ഇത് കണ്ട് യു എ ഇ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ആവശ്യമുള്ള സമയത്ത് യുഎസ് തങ്ങളെ ഉപേക്ഷിച്ചുവെന്ന വികാരമായിരുന്നു യു എ ഇയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ പിന്നീട് വൈറ്റ് ഹൗസിലെയും പെന്റഗണിലെയും യുഎസ് ഉദ്യോഗസ്ഥർ അക്‌സിയോസിനോട് ഇത്തരമൊരു അഭ്യർത്ഥന തെറ്റായിരുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞു. "ശൈഖ് മുഹമ്മദ് അസ്വസ്ഥനായിരുന്നു," സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കൗൺസിലർ ഡെറക് ചോലെറ്റ് പറഞ്ഞു.

യുഎസും യുഎഇയും തമ്മിലുള്ള ബന്ധത്തിലെ മോശം സമയത്ത് കൂടിയായിരുന്നു കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ നടന്നത്. ബൈഡൻ ഭരണത്തിന്റെ ആദ്യ വർഷത്തിൽ, മേഖലയിലെ യുഎസ് പങ്കാളികളുടെ സുരക്ഷയോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധത കുറയുന്നതിനെ കുറിച്ച് യുഎഇ അസ്വാരസ്യം സൂചിപ്പിച്ചിരുന്നു. എഫ്-35 ഇടപാടിന് ഇതുവരെ അന്തിമരൂപമായിട്ടില്ല, വിൽപ്പനയുമായി ബന്ധപ്പെട്ട മന്ദഗതിയിലും വ്യവസ്ഥകളിലും യുഎഇ നിരാശ കാണിക്കുന്നതായും റിപ്പോർട്ടുണ്ട്.
2021 ഡിസംബറിൽ, ഹുവാവേയുടെ 5G സാങ്കേതികവിദ്യയുടെ ഉപയോഗം ഉൾപ്പെടെ ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധവുമായി ബന്ധപ്പെട്ട പ്രധാന നീക്കങ്ങള്‍ക്കൊപ്പം അമേരിക്കയുമായുള്ള ഇടപാട് ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അബുദാബി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു "സമ്മർദ്ദ പരിശോധന"യിലൂടെ കടന്നുപോകുകയാണെന്ന് 2022 യുഎസിലെ എമിറാത്തി അംബാസഡർ പറഞ്ഞ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മികച്ച രൂപത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോലും മാസങ്ങളെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ മുഹമ്മദ് ബിൻ സായിദുമായി ബിഡൻ നടത്തിയ കൂടിക്കാഴ്ചയാണ് ഇതില്‍ പ്രധാനമായും സഹായമായത്.


Click it and Unblock the Notifications