ആപ്പിളിന് തിരിച്ചടി; ഇന്ത്യയിലെ വില്‍പ്പനയില്‍ വന്‍ ഇടിവ്: പക്ഷെ ലാഭത്തില്‍ 16 ശതമാനത്തിലധികം വർധനവ്
ഡല്‍ഹി: ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ വന്‍ ഇടിവ്. ഇന്ത്യയിൽ ആപ്പിളിന്റെ ബിസിനസ് വളർച്ച 2024-25 സാമ്പത്തിക വർഷത്തിൽ 18 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. എന്നാൽ ലാഭത്തിൽ മാത്രം കമ്പനി 16 ശതമാനം വർധന നേടി 3196 കോടി രൂപയിലെത്തിയെന്നാണ് നിഗമനം.
പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളേക്കാൾ പഴയ ജനറേഷൻ ഐഫോണുകളും (ഐഫോൺ 13, 14, 15 സീരീസ്) വിലക്കുറഞ്ഞ മോഡലുകളുമാണ് ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതലായി വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഇതാണ് വരുമാന വളർച്ചയെ ബാധിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ വളർച്ച 10-15 ശതമാനത്തിൽ താഴെയായി ചുരുങ്ങാനാണ് സാധ്യത. എന്നിട്ടും ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ നാലാമത്തെ വിപണിയായി മാറി. അമേരിക്ക, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യ. 2024-ൽ ഇന്ത്യയിൽ റെക്കോർഡ് 1.2 കോടി ഐഫോണുകൾ ആപ്പിൾ വില്‍പ്പന ചെയ്തു.

2024-25ൽ ആപ്പിൾ ഇന്ത്യയുടെ ആകെ വരുമാനം 79,378 കോടി രൂപയായി ഉയർന്നു. ഇത് ഹിന്ദുസ്ഥാൻ യൂണിലിവർ (HUL), ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളുടെ വരുമാനത്തേക്കാൾ കൂടുതലാണ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ആപ്പിൾ ഇന്ത്യയിലെ നാലാമത്തെ വലിയ സ്മാർട്ഫോൺ ബ്രാൻഡായി മാറി. 10 ശതമാനത്തിന് മുകളിൽ മാർക്കറ്റ് ഷെയർ സ്വന്തമാക്കി. 16,000-33,000 രൂപയും 50,000-66,000 രൂപയും വിലവരുന്ന സെഗ്മെന്റുകളാണ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്നത്.
ആപ്പിൾ ഇന്ത്യ ഏകദേശം 9,000 കോടി രൂപയുടെ വരുമാനം നേടിയെങ്കിലും ഇന്ത്യയിൽ നിക്ഷേപിക്കുന്നത് വളരെ കുറവാണ്. കാരണം, നിർമാണ പ്രവർത്തനങ്ങൾ ആപ്പിളിന്റെ ഗ്ലോബൽ ടീമാണ് നിയന്ത്രിക്കുന്നത്. ഇന്ത്യൻ യൂണിറ്റിന്റെ ഉത്തരവാദിത്തം വിൽപ്പന, വിതരണം, റീട്ടെയിൽ സ്റ്റോറുകൾ, ഓൺലൈൻ സ്റ്റോർ എന്നിവയില്‍ മാത്രമാണ്. ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിലും മാക് കമ്പ്യൂട്ടറുകൾ, ഐപാഡുകൾ, ഉയർന്ന മോഡലുകൾ എന്നിവ ഇപ്പോഴും പൂർണമായും ഇറക്കുമതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇറക്കുമതി ചെലവ് ഇപ്പോഴും വളരെ ഉയർന്നു നിൽക്കുന്നു.
പ്രീമിയം സ്മാർട്ഫോൺ സെഗ്മെന്റിലെ മത്സരം കടുക്കുന്നതും ഇന്ത്യൻ ഉപഭോക്താക്കൾ വിലസംവിധാനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും ആപ്പിളിന്റെ വളർച്ചയെ തുടർന്നും സ്വാധീനിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കാനും പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യാനുമുള്ള തന്ത്രങ്ങൾ കമ്പനി തുടരുന്നുണ്ട്.












Click it and Unblock the Notifications