'പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികാര രാഷ്ട്രീയം പയറ്റുന്നു', അറസ്റ്റിനെതിരെ ജിഗ്നേഷ് മേവാനി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുളള ട്വീറ്റുകളുടെ പേരില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. ഗുജറാത്തില്‍ വെച്ച് അസം പോലീസ് ആണ് മേവാനിയെ അറസ്റ്റ് ചെയ്തത്. മേവാനിയുടെ രണ്ട് ട്വീറ്റുകള്‍ സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നവയാണ് എന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാത്രി അറസ്റ്റിന് ശേഷം മേവാനിയെ പോലീസ് അസമിലേക്ക് കൊണ്ട് പോയി. കൊക്രജാറിലെ കോടതിയില്‍ മേവാനിയെ ഹാജരാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികാര രാഷ്ട്രീയം പയറ്റുകയാണെന്ന് മേവാനി ആരോപിച്ചു.
അസമിലെ പ്രാദേശിക ബിജെപി നേതാവായ അരുപ് കുമാര്‍ ആണ് ജിഗ്നേഷ് മേവാനിക്ക് എതിരെ കൊക്രജാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച മേവാനി വദ്ഗാം മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ്. രാത്രി പതിനൊന്ന് മുപ്പതിന് അദ്ദേഹത്തെ വീട്ടിലെത്തിയാണ് അസം പോലീസ് കസ്റ്റഡിയിലെടുത്തത്. എഫ്‌ഐആറിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിടാന്‍ തയ്യാറായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോഡ്‌സെയെ ആരാധിക്കുന്ന ആളാണ് എന്ന് മേവാനി ട്വീറ്റ് ചെയ്തതായി അരുപ് കുമാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തായി സംഭവിക്കുന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും മേവാനി ആവശ്യപ്പെട്ടു. മേവാനിയുടെ ട്വീറ്റിലെ പരാമര്‍ശം സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ മേവാനിയുടെ ട്വീറ്റുകള്‍ നീക്കം ചെയ്തിരുന്നു.
മേവാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തി. ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ മോദിക്ക് ശ്രമിക്കാമെന്നും എന്നാല്‍ ഒരിക്കലും സത്യത്തെ തടവിലാക്കാനാകില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സാമുദായിക സമാധനത്തിന് ആഹ്വാനം ചെയ്യുന്നതും രണ്ട് സമുദായങ്ങള്‍ തമ്മിലുളള ശത്രുത അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതും ഇപ്പോഴൊരു ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജഗദീഷ് താക്കൂറും ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്ത് എത്തി.












Click it and Unblock the Notifications