ഭക്ഷണത്തിന്റെ 30 രൂപ ചോദിച്ചതിന്റെ പേരില്‍ കടക്കാരനെ കൊലപ്പെടുത്തി
പഞ്ച്കുള: ഹരിയാണയിലെ പഞ്ച്കുളയില്‍ ഒരു മാസം മുന്‍പ് നടന്ന കൊലപാതകത്തിന്റെ പ്രതികളെ പോലീസ് പിടികൂടി. ജൂണ്‍ 22ന് രാത്രി നടന്ന കൊലപാതകക്കേസില്‍ ഒരു മാസത്തിനുശേഷമാണ് തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചത്. റാലി ചൗക്കിലുള്ള കടക്കാരനായ ബിമല്‍ കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അജിത്ത്, ആശിഷ് എന്നിവര്‍ അറസ്റ്റിലായി. മറ്റൊരു പ്രതി ഹാപ്പി ഒളിവിലാണ്.
ജൂണ്‍ 22ന് രാത്രി പ്രതികള്‍ കിഷോറിന്റെ കടയില്‍ കുല്‍ഫി വാങ്ങാനായി എത്തിയിരുന്നു. ഇതിനുശേഷം പണം നല്‍കാതെ മടങ്ങിയ ഇവരെ കിഷോര്‍ തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തും നെഞ്ചിനുമുള്‍പ്പെടെ പലതവണ കത്തികൊണ്ട് കുത്തി കടക്കാരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ലളിത് കുമാര്‍ പറഞ്ഞു.

കൊലപാതകം സമീപത്തുള്ള സിസിടിവില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ മുഖമോ ഇവര്‍ എത്തിയ ബൈക്കിന്റെ നമ്പരോ സിസിടിവില്‍ കൃത്യമായി പതിയാത്തത് പ്രതികളെ കണ്ടെത്തുന്നതിന് തിരിച്ചടിയായി. പ്രത്യേക അമ്പേഷണ സംഘം നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതികളെ കണ്ടെത്തുന്നതിന് സഹായകരമായത്.
അജിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാള്‍ സംഭവം തുറന്നു പറയുകയായിരുന്നു. പ്രതികള്‍ ആഷിയാന കോളനി നിവാസികളാണ്. ചെറിയ മോഷണങ്ങള്‍ നടത്തുന്നവരാണ് പ്രതികളെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമകളാണ് ഇവര്‍. രക്ഷപ്പെട്ട മൂന്നാമത്തെ പ്രതി ഹാപ്പിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications