മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി
മുംബൈ : മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ഹരിയാനയില്‍ 72 ശതമാനവും മഹാരാഷ്ട്രയില്‍ 63 ശതമാനവും പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ഹരിയാനയില്‍ 90 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ശക്തമായ ചതുഷ്‌ക്കോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ പോളിങ് പൊതുവെ മന്ദഗതിയിലായിരുന്നു.എന്നാല്‍ ഹരിയാനയില്‍ ശക്തമായ പോളിങ്ങാണ് നടന്നത്. ഗുര്‍ലോണിലെയും മറ്റ് നഗരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്.

ഇരുസംസ്ഥാനങ്ങളിലും വോട്ടിങ്ങിനിടെ ചെറിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ എന്‍എല്‍ഡി പ്രവര്‍ത്തകരുടെ അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമത്തിനിടെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന-എംഎന്‍എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മഹാരാഷ്ട്രയില്‍ സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് നിര്‍ത്തിവച്ചിരുന്നു. നാഗ്പൂരിലെയും നാസിക്കിലെയും ബൂത്തുകളിലാണ് പ്രശ്‌നമുണ്ടായത്.
നിരവധി പ്രമുഖര്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി. ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ചലച്ചിത്രതാരങ്ങളായ സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, രേഖ ബൊമ്മന്‍ ഇറാനി, മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ശിവസേന ബിജെപിയുമായും എന്‍സിപി കോണ്‍ഗ്രസുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബീഡ് മണ്ഡലത്തിലും ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നു. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹുഡയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തില്‍ വരാന്‍ മത്സരിക്കുകയാണ്.
ഹരിയാനയില്‍ 1351 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏതാണ്ട് 1.63 കോടി വോട്ടര്‍മാരാണ് ഇവിടെയുളളത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് മത്സരം.8.35 കോടി വോട്ടര്‍മാരുളള മഹാരാഷ്ട്രയില്‍ 4119 മത്സരാര്‍ഥികളുണ്ട്. രണ്ടിടത്തും ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications