ഗുജറാത്ത് അടപടലം പാളി; തന്ത്രങ്ങൾ മാറ്റിപിടിക്കാൻ കോൺഗ്രസ്, രാഹുൽ ഇറങ്ങും..ലക്ഷ്യം നാല് സംസ്ഥാനങ്ങൾ
ദില്ലി: 2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് രാഹുൽ ഗാന്ധിയായിരുന്നു. അന്ന് 77 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. എന്നാൽ ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഭാരത് യാത്രയുടെ തിരക്കിലായതിനാൽ രാഹുൽ ഗുജറാത്തിൽ ഒന്ന് എത്തിനോക്കുക മാത്രമാണ് ചെയ്തത്. പരാജയത്തിന്റെ ആഘാതം കൂടാൻ ഇതുമൊരു കാരണമായെന്ന് കോൺഗ്രസ് കരുതുന്നു.
ഈ സാഹചര്യത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി രാഹുല്‍ നീങ്ങുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. ഇതോടെ പോരാട്ടം കടുപ്പിക്കാനാണ് തീരുമാനം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലേയും ഭരണം ലഭിച്ചത് കോൺഗ്രസിനായിരുന്നു. എന്നാൽ മധ്യപ്രദേശിലും കർണാടകയിലും 'ഓപ്പറേഷൻ ലോട്ടസ്' പയറ്റി ബി ജെ പി അധികാരം പിടിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് നിലവിൽ കോൺഗ്രസിന് ഭരണം ഉള്ളത്.

ഇത്തവണ സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിയില്ലെങ്കിൽ ഭരിക്കുന്ന സംസ്ഥാനത്ത് അടക്കം തിരിച്ചടിയുണ്ടാകുമെന്നാണ് കോൺഗ്രസ് ഭയക്കുന്നത്. മാത്രമല്ല ഈ സംസ്ഥാനങ്ങളിലേക്ക് ആം ആദ്മി മത്സരിക്കാൻ എത്തിയാൽ ഗുജറാത്തിലേതിന് സമാനമായ തിരിച്ചടി ആവർത്തിക്കാൻ കാരണമാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട സംഘടന അടിത്തറ കോൺഗ്രസിന് ഉണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ.

കാര്യമായി ഇറങ്ങിയാൽ അധികാരം കൈപ്പിടിയിലാക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ഇവിടേക്ക് ആം ആദ്മി രംഗപ്രവേശം ചെയ്താൽ കാര്യങ്ങൾ തകിടം മറിയും. ഗുജറാത്തിലേത് പോലെ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കും. ഇതിനെയെല്ലാം പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിക്കണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യവും.

കനത്ത തിരിച്ചടികൾക്കിടയിലും ഹിമാചലിൽ കോൺഗ്രസിന് ജയിക്കാനായതോടെ കൊട്ടിഘോഷിക്കുന്ന മോദി പ്രഭാവം എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കില്ലെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് പറയുന്നു. മോദിയുടെ സ്വാധീനം ഗുജറാത്തിലും യുപിയിലും മാത്രമാണാണെന്നാണ് ഫലം വ്യക്തമാക്കുന്നതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ഇത് ഫലിക്കില്ലെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.

പാർട്ടിക്ക് കരുത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഡ് , കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രതിസന്ധി നേരിടുന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും കർണാടകയിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മന്ത്രി ടി എസ് സിങ്ദേവും തമ്മിലുള്ള അധികാരം വടംവലിയാണ് കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നത്.

നേതാക്കൾ പരസ്യമായ വാഗ്വാദത്തിലേക്ക് വരെ പോകുന്ന സാഹചര്യങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരുന്നു. ഹിമാചലിൽ ബി ജെ പിയുടെ ഉൾപാർട്ടി തർക്കങ്ങൾ കൂടിയാണ് കോൺഗ്രസിനെ അധികാരത്തിലേറ്റിയത് എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും ഇതേ ആനുകൂല്യം ബി ജെ പിക്ക് ലഭിക്കാൻ ഇടവരരുതെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിച്ച് മുന്നോട്ട് പോകണമെന്നതാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി തയ്യാറാക്കി തുടങ്ങാനും ഹൈക്കമാന്റ് സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.












Click it and Unblock the Notifications