'ലഹരിക്ക് അടിമ, ഒരു പണിക്കും പോകാത്തവര്‍'; അക്രമികളെ തള്ളിപ്പറഞ്ഞ് കുടുംബം, മൊഴി ഇങ്ങനെ
ദില്ലി: ഗുണ്ട തലവനും മുന്‍ എം പിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ തള്ളിപ്പറഞ്ഞ് കുടുംബം. ലവ്ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നീ മൂന്ന് അക്രമികളാണ് മാധ്യമപ്രവര്‍ത്തകരുടെ വേഷം ധരിച്ച് പ്രയാഗ്രാജില്‍ വച്ച് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയത്.
ഒരു പണിക്കും പോകാത്തവരാണെന്നും ലഹരിക്ക് അടിമകളാണെന്നും ഇവര്‍ക്കെതിരെ ഒരുപാട് കേസുകളുണ്ടെന്നും കുടുംബം വെളിപ്പെടുത്തുന്നു. എന്നാല്‍ കുറ്റവാളികള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രശസ്തി നേടാനാണ് കൊല നടത്തിയതെന്നാണ് ഇവര്‍ പൊലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടന്നിരിക്കുകയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദും യു പി പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
അതേസമയം, പ്രതികളെ എല്ലാവരെയും കുടുംബം തള്ളിപ്പറഞ്ഞിട്ടുണ്ട്. ലവ്‌ലേഷ് തിവാരി നേരത്തെയും വിവിധ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കുബംവുമായി ഇയാള്‍ ബന്ധമില്ലെന്ന് ലവ്‌ലേഷിന്റെ പിതാവ് പറഞ്ഞു. ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി വീട്ടില്‍ വന്നതെന്നും പിതാവ് പറയുന്നു.
ടിവിയില്‍ കണ്ടപ്പോഴാണ് മകനെന്ന് മനസിലായത്. അതെ അത് എന്റെ മകനാണ്. ലവ്ലേഷിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ല. വീട്ടില്‍ താമസിക്കാറില്ല, കുടുംബ കാര്യങ്ങളില്‍ ഒന്നിനും ഇടപെടാറില്ല. ഒന്നും ഞങ്ങളോട് പറയാറില്ല. ഞാന്‍ മകനോട് മിണ്ടിയിട്ട് അഞ്ചാറ് വര്‍ഷങ്ങളായി. നിരവധി കേസുകളില്‍ പ്രതിയാണെന്നും അച്ഛന്‍ യഗ്യാ തിവാരി പറയുന്നു.
ഒരു ജോലിക്കും പോകില്ല, ഹരിക്ക് അടിയാണ്. എനിക്ക് നാല് മക്കളാണുള്ളത്. ലവ്‌ലേഷിനോട് ഒരു കാര്യങ്ങളും സംസാരിക്കാറില്ലെന്നും പിതാവ് പറയുന്നു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സണ്ണി സിംഗിനെതിരെ 14 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിചാവ് ജീവിച്ചിരിപ്പില്ല, സ്വത്തിന്റെ വിഹിതം വാങ്ങ് വീട് വിട്ടിറങ്ങിയതാണെന്ന് സണ്ണിയുടെ സഹോദരന്‍ പറയുന്നു. അഞ്ച് വര്‍ഷമായി വീട്ടില്‍ വന്നിട്ട്. അമ്മയെയും കാണാന്‍ വാരാറില്ലെന്ന് സഹോദരന്‍ വ്യക്തമാക്കുന്നു.
ജോലി ഒന്നും ചെയ്യാതെ കറങ്ങി നടക്കുകയാണ് ചെയ്യാറ്. അവന്‍ എങ്ങനെ ഒരു കുറ്റവാളിയായെന്ന് അറിയില്ല. ഈ സംഭവത്തെ കുറച്ച് ഞങ്ങള്‍ക്ക് അറിയില്ലെന്നും സഹോദരന്‍ വ്യക്തമാക്കുന്നു. മൂന്നാമത്തെ കുറ്റവാളി അരുണ്‍ കുട്ടിക്കാലത്ത് തന്നെ വീട് വിട്ടിറങ്ങിയതാണ്. 2010ല്‍ ട്രെയിനില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. ദില്ലിയിലെ ഒരു ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
അതേസമയം, നാടിനെ ഞെട്ടിച്ച കൊലയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധാനാജ്ഞ പ്രഖ്യാപിച്ചു. കൊല നടന്ന പ്രയാഗ് രാജില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും കൊല്ലപ്പെടുന്നത്.
എത്തിയതെന്ന് കരുതുന്ന രണ്ട് മോട്ടോര്‍ സൈക്കിളും പൊലീസ് ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം, എന്‍ സി ആര്‍ ന്യൂസ് എന്ന പേരില്‍ വ്യാജ മൈക്കും ഐ ഡിയും ഉപയോഗിച്ചാണ് കൊലയാളികള്‍ ഇവരുടെ സമീപത്ത് എത്തിയത്.
ഗുണ്ടാത്തലവനായ ആതിഖ് അഹമ്മദിന്റെ പേരില്‍ നൂറിലധികം കേസുകളാണുള്ളത്. സഹോദരന്റെ പേരില്‍ 57 കേസുകളുണ്ട്. ആതിഖിന് ഐ എസ് ഐയുമായും ലഷ്‌കറെ തയിബയുമായും ബന്ധമുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണമാണ് നടക്കുന്നത്.


Click it and Unblock the Notifications