ദില്ലി പോലീസ് വിമുക്ത ഭടന്മാരോട് മാപ്പു പറഞ്ഞു
ദില്ലി: ആഗസ്ത് 14ന് വിമുക്തഭടന്മാരെ സമരപ്പന്തലില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചതിന് ദില്ലി പോലീസ് മാപ്പു പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഉന്നയിച്ച് ജന്ദര്‍ മന്ദറില്‍ സമരം നടത്തിവരുന്ന സമരക്കാരുടെ പന്തല്‍ പൊളിക്കാനായിരുന്നു ദില്ലി പോലീസ് ശ്രമിച്ചത്. ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു പോലീസിന്റെ നടപടി.
എന്നാല്‍, പോലീസിനെ സമരക്കാര്‍ ചെറുത്തു നില്‍ക്കുകയും ഒഴിപ്പിക്കാനുള്ള ശ്രമം തടയുകയുമായിരുന്നു. ഒരു കാലത്ത് രാജ്യ സുരക്ഷയ്ക്കുവേണ്ടി നിലകൊണ്ട തങ്ങളെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് പോലീസ് അപമാനിച്ചെന്നും വിമുക്ത ഭടന്മാര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് ദില്ലി പോലീസ് മാപ്പു പറഞ്ഞ് തടി തടിയൂരിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച സമരപ്പന്തലില്‍ നേരിട്ടെത്തിയ ദില്ലി ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എംകെ മീണ വിമുക്ത ഭടന്മാരോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റുപിടിച്ചതോടെ രാജ്‌നാഥ് സിങ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിതന്നെയാണ് വിമുക്തഭടന്മാരോട് ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. തെറ്റിദ്ധാരണമൂലമുണ്ടായതാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിമുക്തഭടന്മാരോട് പിന്നീട് അറിയിച്ചിരുന്നു.












Click it and Unblock the Notifications