അയോധ്യ ഉദ്ഘാടന ചടങ്ങ്; ശ്രീരാമ വിഗ്രഹം ക്ഷേത്ര ശ്രീകോവിലിൽ എത്തിച്ചു
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം എത്തിച്ചു. പ്രത്യേക പൂജകളോടെ ഇന്ന് പുലർയ്ക്കാണ് ക്രെയിനിന്റെ സഹായത്തോടെ വിഗ്രഹം ശ്രീകോവിലിനുള്ളിൽ എത്തിച്ചത്. 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമാണ് വിഗ്രഹത്തിനുള്ളത്. മൈസുരുവില്‍ നിന്നുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം കൊത്തിയെടുത്തത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ 'കലശ പൂജ' നടന്നിരുന്നു. ചടങ്ങുകൾ ജനുവരി 21 വരെ തുടരും. ജനവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 121 ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ . ഉച്ചയ്ക്ക് 12.20 മുതൽ 1 മണി വരെയാണ് ചടങ്ങുകൾ.

അതിനിടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണരീതിയിൽ പൂർത്തിയാകും മുൻപ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെറ്റാണെന്നും ആചാര ലംഘനമാണെന്നുമുള്ള രാജ്യത്തെ നാല് മഠങ്ങളിൽ നിന്നുള്ള ശങ്കരാചാര്യൻമാരുടെ വിമർശനത്തെ തള്ളി വി എച്ച് പി രംഗത്തെത്തി. ക്ഷേത്രം പൂർണമായി നിർമ്മാണം പൂർത്തിയായെന്നാണ് ശ്രീരാമ മന്ദിർ നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പ്രതികരിച്ചത്. സമർപ്പിച്ചിരിക്കുന്ന ഗർഭ ഗൃഹവും അഞ്ച് മണ്ഡപങ്ങളും ഉൾക്കൊള്ളുന്ന താഴത്തെ നില പൂർണ്ണമായും നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറും ആചാരം ലംഘിച്ചെന്ന ആരോപണങ്ങൾക്കെതിരെ രംഗത്തെത്തി. 'ജവഹർലാൽ നെഹ്റു സർക്കാരിന്റെ നേതൃത്വത്തിൽ മുൻപ് സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചപ്പോൾ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാക്കും മുൻപ് ഗർഭഗൃഹം മാത്രം പൂർത്തിയാക്കിയാണ് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിർവഹിച്ചതെന്ന് അലോക് പറഞ്ഞു. അയോധ്യയിൽ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത് താഴത്തെ നിലയിലാണ്. അവിടുത്തെ പണികളെല്ലാം പൂർത്തീകരിച്ചതാണെന്നും അലോക് അവകാശപ്പെട്ടു.
അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ 7000ത്തോളം ആളുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖർക്കെല്ലാം ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിൽ മുഖ്യാതിഥിയാകുക. ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം നിയോഗിച്ചിരിക്കുകയാണെന്നും 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിച്ചാണ് താൻ ചടങ്ങിൽ പങ്കെടുക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications