അയോധ്യ വിധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചേര്‍ത്ത് സോണിയ ഗാന്ധി
ദില്ലി: അയോധ്യ കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചേര്‍ത്ത് അധ്യക്ഷ സോണിയ ഗാന്ധി. രാവിലെ 9.45 നാണ് യോഗം നടക്കുക. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നിലപാടുകളും നയങ്ങളും സംബന്ധിച്ച് സമിതിയില്‍ തിരുമാനം കൈക്കൊളളും.

ഞായറാഴ്ചയായിരുന്നു യോഗം തിരുമാനിച്ചിരുന്നത്. എന്നാല്‍ വിധിയുടെ പശ്ചാത്തലത്തില്‍ യോഗം ശനിയാഴ്ച രാവിലെ നടത്താന്‍ തിരുമാനിക്കുകയായിരുന്നു. കേസില്‍ ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കാവൂയെന്നും ഒരേ നിലപാട് മാത്രമേ പരസ്യമായി സ്വീകരിക്കാന്‍ പാടുള്ളൂവെന്നും സോണിയാ ഗാന്ധി നേരത്തെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും ഇന്ത്യയുടെ സമാധാനവും ഐക്യവും സൗഹാര്‍ദ്ദത്തെയും ശക്തിപ്പെടുത്തതിനാകണം നമ്മുടെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വിധിയില്‍ സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തില്‍ നിന്ന് ഉണ്ടാകാവൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്ച രാവിലെ 10.30 യ്ക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് കേസില്‍ വിധി പ്രസ്താവം നടത്തുന്നത്. 40 ദിവസം കേസില്‍ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷമാണ് കേസില്‍ വിധി പറയാന്‍ കോടതി ഒരുങ്ങുന്നത്. 2010 ൽ 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഈ വര്‍ഷമാണ് ഭരണഘടന ബെഞ്ചിന് അപ്പീലുകള്‍ ലഭിച്ചത്. മാര്‍ച്ചില്‍ സമവായ ചര്‍ച്ചകള്‍ക്ക് കോടതി കമ്മീഷനെ നിയോഗിച്ചെങ്കിലും സമവായം പരാജയപ്പെട്ടു. ഇതോടെയാണ് കേസില്‍ ഭരണഘടന ബെഞ്ച് വാദം കേട്ട് തുടങ്ങിയത്












Click it and Unblock the Notifications