വിശ്വസ്തന്‍മാര്‍ മറുകണ്ടം ചാടുന്നു; ശശികലക്ക് ആധി, ഗവര്‍ണര്‍ക്ക് കത്ത്!! ഇന്നുതന്നെ കാണണം?

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് കരുതിയ വിശ്വസ്തര്‍ ഓരോന്നായി പന്നീര്‍ശെല്‍വത്തിനൊപ്പം ചേരുന്ന സാഹചര്യത്തില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടപടികള്‍ വേഗത്തിലാക്കി. അടിയന്തരമായി ഇന്നുതന്നെ കാണണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് അവര്‍ കത്തയച്ചു.

വിദ്യാഭ്യാസ മന്ത്രിയും ശശികലയുടെ അടുത്തയാളുമായ കെ പാണ്ഡ്യരാജന്‍ പന്നീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നതാണ് ശശികല ക്യാംപിനെ ഞെട്ടിച്ചത്. അണ്ണാ ഡിഎംകെയെ രക്ഷിക്കാനാണ് താന്‍ പന്നീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നതെന്ന് പാണ്ഡ്യരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എമാരോടൊപ്പം ഗവര്‍ണറെ കാണാനാണ് ശശികലയുടെ തീരുമാനം.

ഏഴ് ദിവസത്തിനകം മൂന്നാമത്തെ കത്ത്

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ കത്താണ് ശശികല ഗവര്‍ണര്‍ക്ക് അയക്കുന്നത്. മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവച്ചിട്ട് നീണ്ട ഏഴുദിവസമായെന്ന് കത്തില്‍ എടുത്തുപറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നുതന്നെ ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ക്ഷമക്ക് അതിരുണ്ടെന്ന് ശശികല

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ശശികല ഗവര്‍ണറെ കാണുന്നത്. ഒരു പരിധി വരെ മാത്രമേ ക്ഷമിക്കാനാവൂ. അതുകഴിഞ്ഞാല്‍ വേണ്ടത് ഞങ്ങള്‍ ചെയ്യുമെന്ന് പോയസ് ഗാര്‍ഡനില്‍ വച്ച് ശശികല പറഞ്ഞു.

പനീര്‍ശെല്‍വം വഴിമുടക്കി

129 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ശശികല പറയുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് കഴിയുംവേഗം അവസരം നല്‍കാമെന്ന് ഗവര്‍ണര്‍ ശശികലയെ അറിയിച്ചിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇടക്കാല മുഖ്യമന്ത്രിയായി തുടരുന്ന ഒ പനീര്‍ശെല്‍വം ഉന്നയിച്ച തടസവാദങ്ങളാണ് കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടത്രെ.

 എംഎല്‍എമാരുടെ വ്യാജ ഒപ്പുകള്‍

എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. പാര്‍ട്ടി യോഗത്തില്‍ വച്ച് വെള്ളക്കടലാസില്‍ എംഎല്‍എമാരെ കൊണ്ട് ഒപ്പിട്ട് വാങ്ങിയെന്നും പനീര്‍ശെല്‍വം ക്യാംപ് ആരോപിക്കുന്നു. ഈ ഒപ്പുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎല്‍എമാരുടെ പിന്തുണയായി ശശികല ഗവര്‍ണറെ കാണിച്ചതെന്നാണ് ആരോപണം. ചില ഒപ്പുകള്‍ വ്യാജമാണെന്നും പനീര്‍ശെല്‍വം പറയുന്നു.

പാണ്ഡ്യരാജന്‍ കൂടുമാറിയത് ഞെട്ടിച്ചു

പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്ന നാലാമത്തെ എംഎല്‍എയാണ് പാണ്ഡ്യരാജന്‍. പിആര്‍ സുന്ദരം, കെ അശോക് കുമാര്‍ എന്നീ എംപിമാരും പനീര്‍ശെല്‍വത്തിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. പനീര്‍ശെല്‍വം പ്രതിപക്ഷമായ ഡിഎംകെയുടെ കൈയിലെ പാവയാണെന്നാണ് കഴിഞ്ഞദിവസം വരെ പാണ്ഡ്യരാജന്‍ പറഞ്ഞിരുന്നത്.

വേദനിലയം ഇനി ഓര്‍മകളുടെ വീട്

അതിനിടെ ജയലളിതയുടെ വേദനിലയം ഭവനം സ്മാരകമാക്കി പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഒപ്പുവച്ചു. പനീര്‍ശെല്‍വം ഇടക്കാല മുഖ്യമന്ത്രിയായി തുടരുന്ന ഓരോ ദിവസവും തനിക്ക് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് ശശികല തിടുക്കത്തില്‍ ഗവര്‍ണറെ കാണുന്നത്. ഇന്ന് വൈകീട്ട് കാണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 പന്നീര്‍ശെല്‍വം ചാക്കിലാക്കുമോ?

'രഹസ്യമായി' താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വിട്ടാല്‍ എംഎല്‍എമാര്‍ പന്നീര്‍ശെല്‍വത്തിന്റെ ഒപ്പം കൂടുമോ എന്ന ആശങ്കയാണ് ശശികല ക്യാംപിനുള്ളത്. നീന്തല്‍കുളവും മസാജ് കേന്ദ്രവും ആര്‍ഭാട ഭക്ഷണവുമെല്ലാം എംഎല്‍എമാര്‍ക്ക് ലഭ്യമാണെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ അവര്‍ അമര്‍ഷമുണ്ടെന്നാണ് റിപോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചിലര്‍ ഉച്ചഭക്ഷണം കഴിച്ചില്ലെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

ഒരാളെ നിരീക്ഷിക്കാന്‍ അഞ്ചുപേര്‍

റിസോര്‍ട്ടില്‍ ഓരോ എംഎല്‍എമാരെയും നിരീക്ഷിക്കുന്നത് അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ്. അവര്‍ എവിടെ പോയാലും പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാവും. വളരെ വിശ്വസ്തരായ എംഎല്‍എമാരെ മാത്രമാണ് പത്രക്കാരെ കാണാന്‍ അനുവദിച്ചത്. തങ്ങളെ തടവില്‍ പാര്‍പ്പിച്ചതല്ലെന്ന് ശശികലയുടെ വിശ്വസ്തരായ എംഎല്‍എമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജീവനക്കാര്‍ക്കും നിയന്ത്രണം

റിസോര്‍ട്ടിലെ ജീവനക്കാരും യഥാര്‍ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അവര്‍ക്കുമുണ്ട് വിലക്ക്. തങ്ങള്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ചിന്നമ്മ (ശശികല) വിളിച്ചാല്‍ പുറത്തുവരുമെന്നും പാണ്ഡ്യന്‍ എംഎല്‍എ പറഞ്ഞു. 5500 മുതല്‍ 10000 രൂപവരെയാണ് ഈ റിസോര്‍ട്ടിലെ പ്രതിദിനം വാടക.

English summary
"It has been seven long days since" O Panneerselvam submitted his resignation," Ms Sasikala has written to Governor C Vidyasagar Rao," adding "I believe Your Excellency will act immediately to save the sovereignty of the Constitution, democracy and the interest of the State."
Please Wait while comments are loading...