രണ്ട് സീറ്റ് വാഗ്ദാനം തള്ളി കോൺഗ്രസ്, ഇടഞ്ഞ് മമത; ബംഗാളിൽ സീറ്റ് ചർച്ച പ്രതിസന്ധിയിൽ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം തള്ളി കോൺഗ്രസ്. കുറഞ്ഞത് ആറ് സീറ്റെങ്കിലും ലഭിക്കണമെന്ന് കോൺഗസ് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ സീറ്റുകളിൽ മാത്രം അവർക്ക് മത്സരിക്കാം എന്ന നിർദ്ദേശം തൃണമൂൽ മുന്നോട്ട് വെച്ചത്. ഇതോടെ സീറ്റ് വിഭജന ചർച്ച പ്രതിസന്ധിയിലായിരിയിരിക്കുകയാണ്.
സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച സമിതിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മുകുൾ വാസ്‌നിക്, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരടങ്ങുന്നതാണ് സമിതി. കമ്മിറ്റി ഇതിനകം തന്നെ സമാജ്‌വാദി പാർട്ടി (എസ്‌പി), ശിവസേന (യുബിടി), ശരദ് പവാറിന്റെ എൻ സി പി, ആം ആദ്മി, ആർ ജെ ഡി എന്നിവരുമായി സീറ്റ് ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.

ദക്ഷിണ മാൽഡ, ബർഹാംപൂർ സീറ്റുകളാണ് തൃണമൂൽ വാഗ്ദാനം ചെയ്തത്.
കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള ഈ സീറ്റുകൾ തൃണമൂൽ തങ്ങൾക്ക് തരേണ്ട സാഹചര്യം ഇല്ലെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ബി ജെ പിക്കും തൃണമൂലിനുമെതിരെ 2019 ൽ ഇരു സീറ്റുകളും തങ്ങൾ നേടിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ഈ സീറ്റുകളിൽ മത്സരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്നു പി സി സി പ്രസിഡന്റ് കൂടിയായ ചൗധരി അറിയിച്ചു.
നിർദ്ദേശം കോൺഗ്രസ് തള്ളിയതോടെ ബംഗാളിൽ തങ്ങൾ ബിജെപിയെ തനിച്ച് നേരിട്ടോളം എന്ന നിലപാടിലാണ് മമത ബാനർജി. അതേസമയം മമതയെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ് ഇടപെട്ടേക്കുമെന്നാണ് വിവരം. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ ചേർന്ന് മമതയുമായി നേരിട്ട് കൂടിക്കാഴച് നടത്തിയേക്കും. ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മമത വഴങ്ങിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. റായ്ഗഞ്ച്, മാൾഡ ഉത്തർ, ജംഗിപൂർ, മുർഷിദാബാദ് തുടങ്ങിയ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
അതേസമയം തൃണമൂലുമായി തങ്ങൾ സഖ്യത്തിന് ഇല്ലെന്ന് ഇന്ത്യ സഖ്യത്തിലെ മറ്റൊരു കക്ഷിയായ സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിൽ തങ്ങൾ തനിച്ച് മത്സരിക്കുമെന്നാണ് പാർട്ടി നിലപാട്. അതിനിടെ തൃണമൂലിന് പകരം സി പി എമ്മുമായി സഖ്യത്തിൽ മത്സരിക്കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാടല്ല ലഭിച്ചത്.












Click it and Unblock the Notifications