ബെംഗളൂരുവിൽ ഈ മേഖലയിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകും; വരുന്നു ഡബിൾ ഡെക്കർ ഫ്ലൈ ഓവർ
ബെംഗളൂരുവിൽ തുരങ്കപാത പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുവെ, നഗരത്തിൻ്റെ ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരു പുതിയ പദ്ധതികൂടി ഒരുങ്ങുന്നു. 37 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടനില ഫ്ലൈഓവർ നിർമ്മിക്കാനാണ് തീരുമാനം. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഫ്ലൈഓവറും മെട്രോ ലൈനും രണ്ട് വ്യത്യസ്ത തലങ്ങളിലായി വരുന്ന തരത്തിലാണ് ഇടനാഴി രൂപകൽപ്പന ചെയ്യുന്നത്. ജെപി നഗർ മുതൽ ഹെബ്ബാളിലെ കെമ്പാപുര വരെ 28.4 കിലോമീറ്ററിലും, ഹൊസഹള്ളി (മാഗഡി റോഡ്) മുതൽ കടബഗെരെ വരെ 8.6 കിലോമീറ്ററിലും ഈ പദ്ധതി വ്യാപിപ്പിക്കും.
ബെംഗളൂരുവിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണെങ്കിൽ ടോൾ നൽകാൻ 90% യാത്രക്കാരും തയ്യാറാണെന്ന് കമ്മ്യൂട്ടർ സർവ്വെയിൽ പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ആർവി എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ആണ് ബിഎംആർസിഎല്ലിന് വേണ്ടി സർവ്വെ നടത്തിയത്. 1,000-ൽ അധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഈ സർവേ, ടണൽ റോഡ് പദ്ധതിയെക്കാൾ കൂടുതൽ എലിവേറ്റഡ് കോറിഡോറിന് ജനങ്ങൾക്കിടയിൽ വലിയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ബെംഗളൂരുവിലെ ഗതാഗതത്തിന് ഇത് ഒരു വഴിത്തിരിവായി മാറും. ഔട്ടർ റിംഗ് റോഡിലെ (പടിഞ്ഞാറ്) ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും, ബെംഗളൂരുവിൻ്റെ തെക്ക്-വടക്ക് ഭാഗങ്ങളെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാനും ഈ ഇരട്ട മേൽപ്പാലം സഹായിച്ചേക്കും. നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായ ഈ പദ്ധതി, നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ടനില പാതയായി മാറും.
പദ്ധതിയുടെ ആകെ ചിലവ് 9,692 കോടി രൂപയാണെന്നാണ് ബി എം ആർ സി എൽ കണക്കാക്കുന്നത്. ഇതിൽ 3,023 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനാണ്. റോഡ് വിഭാഗത്തിന് മാത്രം കിലോമീറ്ററിന് 261 കോടി രൂപ ചെലവ് വരും. നാല് വരികളുള്ള ഈ മേൽപ്പാലത്തിൽ ഓരോ ദിശയിലും രണ്ട് വരികൾ ഉണ്ടാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രധാന കവലകളിൽ പ്രവേശന-പുറത്തുകടക്കൽ റാമ്പുകളും ഒരുക്കും.
മണിക്കൂറിൽ 40 കി.മീ മുതൽ 80 കി.മീ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഉയർത്തിയ പാത, ദിവസേനയുള്ള യാത്രക്കാരുടെയും വിമാനത്താവളത്തിലേക്ക് പോകുന്നവരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കും. മുകളിലെ നിലയിൽ മെട്രോ കണക്റ്റിവിറ്റിയും ഉള്ളതുകൊണ്ട് ഇതൊരു സമഗ്ര ഗതാഗത പാതയായി മാറും. ഇങ്ങനെയൊരു പശ്ചാത്തലം നഗരത്തിന് അനിവാര്യമാണെന്ന് ഗതാഗത ഡാറ്റ എടുത്തു കാണിക്കുന്നുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ഹെബ്ബാൾ ജംഗ്ഷനിൽ, ഒരു മണിക്കൂറിൽ ഏകദേശം 5,642 കാൽനടയാത്രക്കാർ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ എണ്ണം 10,000 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) കടക്കുമാത്രേ.
ഈ പുതിയ പാത ഈ തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക മാത്രമല്ല, വിമാനത്താവളത്തിലേക്കും നഗരങ്ങൾക്കിടയിലുള്ള യാത്രകൾക്കും വേഗതയേറിയതും സുരക്ഷിതവുമായ ബദൽ കൂടിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കപാത നിർദ്ദേശത്തിന് പരിസ്ഥിതിപരമായതും സാമ്പത്തികപരമായതുമായ ആശങ്കകൾ നേരിടുന്ന സമയത്താണ് ഇരട്ടനില മേൽപ്പാലത്തിന് വലിയ പിന്തുണ ലഭിക്കുന്നത്. റോഡും മെട്രോ സംവിധാനങ്ങളും സംയോജിപ്പിക്കുന്ന ഒരു ഉയർത്തിയ ഘടന കൂടുതൽ സുസ്ഥിരവും പ്രായോഗികവുമായ പരിഹാരമാണെന്ന് പല നിവാസികളും വിശ്വസിക്കുന്നു.
അന്തിമ രൂപകൽപ്പന തയ്യാറാക്കി വരികയാണെന്നും ടെൻഡറുകൾ ഉടൻ ക്ഷണിക്കുമെന്നും BMRCL ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൂർത്തിയാകുമ്പോൾ, ഈ പദ്ധതി ബെംഗളൂരുവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ നേട്ടങ്ങളിലൊന്നായി മാറും. ഇത് ഇന്ത്യയിലെ നഗര ഗതാഗതത്തിന് ഒരു പുതിയ മാതൃകയാവാനും സാധ്യതയുണ്ട്.












Click it and Unblock the Notifications